അബുദാബി : അബുദാബിയിൽ 2026-2027 വർഷത്തെ പാരമ്പര്യ ഫാൽക്കൺ വേട്ട (Falconry Season) ഒക്ടോബർ 20 മുതൽ 2027 ജനുവരി 31 വരെ നടക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) അറിയിച്ചു. 2005-ലെ 22-ാം നമ്പർ വേട്ടയാടൽ നിയമവും അതിന്റെ നിർവ്വഹണ ചട്ടങ്ങളും അനുസരിച്ചാണ് സീസൺ ക്രമീകരിച്ചിരിക്കുന്നത്. യുഎഇയുടെ സാംസ്കാരിക പൈതൃകമായ ഫാൽക്കൺ വേട്ടയെ സംരക്ഷിക്കുന്നതിനൊപ്പം വന്യജീവികളെയും പ്രകൃതിദത്ത വാസസ്ഥലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ സമയക്രമം പുറപ്പെടുവിച്ചത്.
ലൈസൻസുള്ള ഫാൽക്കണർമാർക്ക് മാത്രമാണ് വേട്ടയാടാൻ അനുമതിയുള്ളത്. കൂടാതെ ഫാമുകളിൽ വളർത്തുന്ന ഹൂബറ പക്ഷികളെ (Houbara bustards) മാത്രമേ വേട്ടയാടാവൂ. പ്രധാന റോഡുകൾ, വനമേഖലകൾ, സംരക്ഷിത പ്രദേശങ്ങൾ, റസിഡൻഷ്യൽ-സൈനിക മേഖലകൾ, പെട്രോളിയം ശാലകൾ എന്നിവയിൽ നിന്ന് കുറഞ്ഞത് രണ്ട് കിലോമീറ്റർ അകലെയുള്ള തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ വേട്ടയാടൽ അനുവദിക്കൂ. 18 വയസ്സിന് മുകളിലുള്ള യുഎഇ പൗരന്മാർക്ക് ‘താം’ (TAMM) ആപ്പ് വഴി 127 ദിർഹം ഫീസ് അടച്ച് ലൈസൻസ് സ്വന്തമാക്കാം. അസ്തമയത്തിന് മുൻപുള്ള സമയങ്ങളിൽ മാത്രം അനുവദിച്ചിട്ടുള്ള വേട്ടയാടലിൽ മറ്റ് വന്യജീവികളെ ഉപദ്രവിക്കാനോ പരിസ്ഥിതിക്ക് നാശനഷ്ടമുണ്ടാക്കാനോ പാടില്ലെന്നും ഇഎഡി വ്യക്തമാക്കുന്നു.
3