ദുബായ് : അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സംരക്ഷണത്തിനും ദത്തെടുക്കലിനുമായി വർസാനിലെ ബേർഡ്സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ സംയോജിത പേറ്റ് ഷെൽട്ടറും (Pet Shelter) ഡിജിറ്റൽ ദത്തെടുക്കൽ പ്ലാറ്റ്ഫോമും തുറന്ന് ദുബായ് മുൻസിപ്പാലിറ്റി. മൃഗസംരക്ഷണ രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള പെറ്റ് ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പദ്ധതി. സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകളുമായി സഹകരിച്ച് അലഞ്ഞുതിരിയുന്ന പൂച്ചകൾക്കും നായ്ക്കൾക്കും വാക്സിനേഷനും വന്ധ്യംകരണവും (TNR/TNVR) ചികിത്സയും നൽകി പുനരധിവസിപ്പിക്കാനുള്ള നടപടികളും ഇതിലൂടെ സ്വീകരിക്കും.
പ്രത്യേകം സജ്ജമാക്കിയ വെറ്ററിനറി ക്ലിനിക്ക്, ആധുനിക സർജിക്കൽ തിയേറ്റർ, ഗ്രൂമിംഗ് യൂണിറ്റ്, ദത്തെടുക്കുന്നതിന് മുൻപ് മൃഗങ്ങളുമായി ഇടപെടാൻ സൗകര്യമുള്ള റൂമുകൾ എന്നിവയടക്കം അത്യാധുനിക സംവിധാനങ്ങളാണ് ഈ ഷെൽട്ടറിലുള്ളത്. ഇതിനോടൊപ്പമുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ മൃഗങ്ങളുടെ ആരോഗ്യ വിവരങ്ങളും പെരുമാറ്റ രീതികളും മനസ്സിലാക്കി ആൾക്കാർക്ക് വളർത്തുമൃഗങ്ങളെ എളുപ്പത്തിൽ ദത്തെടുക്കാനാകും. നഗരത്തിന്റെ ജീവിതനിലവാരവും മൃഗങ്ങളോടുള്ള കരുണയും ഉയർത്തുക എന്ന ദുബായ് സിവിിലിറ്റി കമ്മിറ്റിയുടെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.