ദുബായ്: ഹോളിവുഡ് ചിത്രമായ ‘ഡ്യൂൺ’ പോലുള്ള വമ്പൻ സിനിമകളുടെ ചിത്രീകരണത്തിന് പുറമെ, ആഗോളതലത്തിൽ തരംഗമായ കൊറിയൻ സംഗീതത്തിന്റെയും (K-pop) കൊറിയൻ നാടകങ്ങളുടെയും (K-drama) പ്രധാന കേന്ദ്രമായി യുഎഇ മാറുന്നു. ലോകപ്രശസ്ത കൊറിയൻ മ്യൂസിക് ബാൻഡായ ബിടിഎസ് (BTS) ഈ വർഷം ആദ്യത്തിൽ ദുബായ് സന്ദർശിച്ചതും പ്രമുഖ കൊറിയൻ താരങ്ങളുടെ സാന്നിധ്യവും യുഎഇയിലെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുഎഇയിൽ ഒരു ബിടിഎസ് കൺസേർട്ട് എപ്പോൾ നടക്കുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിം വൂ-ബിൻ, ബേ സുസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ‘ജീനി, മേക്ക് എ വിഷ്’ (Genie, Make A Wish) എന്ന കൊറിയൻ റോമാന്റിക് കോമഡി പരമ്പരയിൽ ദുബായ് നഗരത്തെ വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദുബായുടെ പ്രശസ്തമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, തിളങ്ങിനിൽക്കുന്ന ഷെയ്ഖ് സായിദ് റോഡ്, ചരിത്രപ്രസിദ്ധമായ അൽ സീഫ് തുടങ്ങിയ ലൊക്കേഷനുകൾ ഈ സീരീസിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേവലം ഒരു പശ്ചാത്തലം എന്നതിലുപരി ദുബായുടെ ആധുനിക വാസ്തുവിദ്യയും പാരമ്പര്യ ഭംഗിയും കൊറിയൻ ദൃശ്യവിരുന്നുകളിൽ ഒരു പ്രധാന കഥാപാത്രമായി തന്നെ മാറിക്കഴിഞ്ഞുവെന്ന് ആരാധകർ വിലയിരുത്തുന്നു.