UAE News
അബുദാബി : കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് തന്നെ പ്രവചിക്കുകയും തടയുകയും ചെയ്യുന്ന നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകളാൽ നിയന്ത്രിക്കപ്പെടുന്ന കോടതി മുറികളാകും 2045-ഓടെ നിലവിൽ വരികയെന്ന് വിദഗ്ധർ. അബുദാബിയിൽ നടക്കുന്ന 15-ാമത് യുഎൻ കുറ്റകൃത്യ നിരോധന കോൺഗ്രസിൽ (UN Congress on Crime Prevention and Criminal Justice) യുഎഇ പബ്ലിക് പ്രോസിക്യൂഷൻ സംഘടിപ്പിച്ച ഫോറത്തിലാണ് ഭാവി നീതിന്യായ വ്യവസ്ഥയുടെ (Future of Criminal Justice 2045) രൂപരേഖ അവതരിപ്പിച്ചത്. കൃത്രിമബുദ്ധി നൽകുന്ന നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം, ജഡ്ജിമാർ എന്തുകൊണ്ട് ആ തീരുമാനത്തോട് യോജിക്കുന്നുവെന്നോ വിയോജിക്കുന്നുവെന്നോ നിയമപരമായി വിശദീകരിക്കേണ്ടി വരുന്ന തലത്തിലേക്ക് കാര്യങ്ങൾ മാറും.
കുറ്റകൃത്യം നടന്നതിന് ശേഷം അന്വേഷണം നടത്തുന്ന പരമ്പരാഗത രീതിക്ക് പകരം, സാമ്പത്തിക രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുകൊണ്ട് മുൻകൂട്ടി അപകടസാധ്യതകൾ വിലയിരുത്തുന്ന ‘ആന്റിസിപ്പേറ്ററി ജസ്റ്റിസ്’ രീതിയായിരിക്കും ഭാവിയിൽ നടപ്പിലാക്കുക. നാല് പ്രധാന തൂണുകളിൽ അധിഷ്ഠിതമായ ‘ഫ്യൂച്ചർ പ്രോസിക്യൂഷൻ’ ചട്ടക്കൂടാണ് യുഎഇ ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. സാങ്കേതികവിദ്യ എത്ര വളർന്നാലും മനുഷ്യൻ തന്നെയാകും അന്തിമ തീരുമാനമെടുക്കുക എന്നും, പ്രതിയുടെ നിരപരാധിത്വവും പ്രതിരോധിക്കാനുള്ള അവകാശവും സംരക്ഷിച്ചുകൊണ്ട് മാത്രമേ എഐ ഉപയോഗിക്കൂ എന്നും അധികൃതർ വ്യക്തമാക്കി. ഒക്ടോബർ 1-ന് അവസാനിക്കുന്ന ഈ യുഎൻ സമ്മേളനത്തോടെ ആഗോള തലത്തിലെ പുതിയ നീതിന്യായ നയരൂപീകരണത്തിൽ യുഎഇ മുൻപന്തിയിലെത്തിയിരിക്കുകയാണ്.
ദുബായ് : യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാതാപിതാക്കൾ ക്യാമ്പസിനുള്ളിൽ ഫോട്ടോകളും വീഡിയോകളും പകർത്തുന്നതിന് പൂർണ്ണ വിലക്കേർപ്പെടുത്തി. പഠന സമയത്തും സ്കൂൾ പരിസരത്തും അനാവശ്യമായി ഫോട്ടോകൾ എടുക്കുന്നതും, മറ്റ് കുട്ടികളുടെ ചിത്രങ്ങൾ അവരുടെ രക്ഷിതാക്കളുടെ അനുമതിയില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ പങ്കുവെക്കുന്നതും തടഞ്ഞുകൊണ്ട് വിവിധ സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കൾക്ക് നിർബന്ധിത സർക്കുലറുകൾ അയച്ചു.
സ്കൂൾ അധികൃതരുടെ അനുമതിയില്ലാതെ മുൻപ് പകർത്തിയ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും പുനഃപ്രസിദ്ധീകരിക്കരുതെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളുടെ പേര്, യൂണിഫോം, സ്കൂൾ ലോഗോ, യാത്രാ സമയം എന്നിവ ചിത്രങ്ങളിലൂടെ പുറത്തുവരുന്നത് സുരക്ഷാ ഭീഷണിയാണെന്ന് ഡിജിറ്റൽ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ സൈബർ നിയമപ്രകാരം (Federal Decree-Law No. 34 of 2021) വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോകൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. സ്കൂൾ അധികൃതർ നൽകിയിരിക്കുന്ന 6 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇനി മുതൽ ചടങ്ങുകളിൽ പോലും ചിത്രങ്ങൾ പകർത്തുവാൻ അനുവാദമുള്ളൂ.
വീട്ടിനുള്ളിൽ തന്നെയിരിക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവ്; ഷാർജയിൽ വിവാഹമോചനം തേടി ഭാര്യ
ദുബായ് : ഒക്ടോബർ മാസത്തിൽ യുഎഇയിൽ ഇന്ധനവിലയിൽ 16 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയതോടെ, ദൈനംദിന യാത്രാച്ചെലവുകൾ ചുരുക്കാൻ ബദൽ മാർഗ്ഗങ്ങൾ തേടി പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ. സ്വന്തം വാഹനം വീട്ടിലിട്ട് ദുബായ് മെട്രോയെ ആശ്രയിക്കുക, കമ്പനികളോട് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ആവശ്യപ്പെടുക, മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള ക്ലയന്റുകളുടെ സന്ദർശനം ഒറ്റ ദിവസത്തേക്ക് മാറ്റുക എന്നിവയാണ് ഭൂരിഭാഗം പേരും ലക്ഷ്യമിടുന്നത്.
അൽ ഖുസൈസിൽ താമസിക്കുന്ന അൽവിൻ പിന്റോ, ജെഎൽടിയിലുള്ള (JLT) ഓഫീസിലേക്ക് ഇനി മുതൽ ദുബായ് മെട്രോയിൽ യാത്ര ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മാസം തോറും പെട്രോളിനായി 700 മുതൽ 800 ദിർഹം വരെ ചെലവാകുന്ന സ്ഥാനത്ത് 350 ദിർഹത്തിന്റെ നോൾ പാസ് (Nol Pass) ഉപയോഗിക്കുന്നതിലൂടെ പകുതിയോളം തുക ലാഭിക്കാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു. അജ്മാനിൽ നിന്ന് ഡെയ്റയിലെ ഓഫീസിലേക്ക് ദിവസവും യാത്ര ചെയ്യുന്ന ഷബീർ അഹമ്മദ്, ആഴ്ചയിൽ ചില ദിവസങ്ങളിൽ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിമാസം 1200 ദിർഹത്തിലേറെ പെട്രോളിന് ചെലവിടുന്ന ഇദ്ദേഹത്തിന് പുതിയ വിലക്കയറ്റത്തോടെ ഇത് 1500 ദിർഹത്തിന് മുകളിലാകും
ഷാർജയിൽ നിന്ന് ദുബായിലേക്ക് പ്രൈവറ്റ് കാർ ലിഫ്റ്റുകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും തിരിച്ചടിയുണ്ട്. ഇന്ധനവില ഉയർന്നതോടെ കാർ ലിഫ്റ്റ് കമ്പനികൾ മാസാന്ത നിരക്കുകളിൽ 30 ദിർഹം വരെ വർദ്ധന വരുത്തിയിട്ടുണ്ട്. ഇതോടെ ഗൾഫ് മേഖലയിലെ ജോലി ആവശ്യങ്ങൾക്കും യാത്രകൾക്കുമായി പബ്ലിക് ട്രാൻസ്പോർട്ടിനെ കൂടുതലായി ഉപയോഗപ്പെടുത്താനാണ് പ്രവാസികളുടെ തീരുമാനം.
അബുദാബി : സോമാലിയൻ തീരത്ത് വെച്ച് ഹൈജാക്ക് ചെയ്യപ്പെട്ട ‘എം.ടി. ഹോണർ 25′ (MT Honour 25) എണ്ണക്കപ്പൽ മോചിപ്പിക്കുന്നതിനിടയിൽ കൊല്ലപ്പെട്ട ജീവനക്കാരുടെ മരണത്തിലും പരിക്കുകളിലും യു.എ ഇ ശക്തമായ അപലപനം രേഖപ്പെടുത്തി. സമുദ്രസുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാര പാതകളുടെ സുരക്ഷിതത്വത്തിനും ഇത്തരം ക്രിമിനൽ നടപടികൾ ഗുരുതരമായ ഭീഷണിയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം (MoFA) വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.