ദുബായ് : ദുബായ് നിവാസികൾക്കായി ‘എ ദുബായ് ഇൻവൈറ്റ്’ (A Dubai Invite) എന്ന പുതിയ അംബാസഡർ പദ്ധതി അവതരിപ്പിച്ച് ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് (DET). വിദേശത്തുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുബായിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് ഹോട്ടൽ താമസത്തിന് 45 ശതമാനം വരെ ഇളവുകളും, അക്വാവെഞ്ചർ, ഐ.എം.ജി വേൾഡ്സ് തുടങ്ങിയ വിനോദകേന്ദ്രങ്ങളിലും പ്രമുഖ റെസ്റ്റോറന്റുകളിലും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ കരീം സൌജന്യ അംഗത്വവും ടാക്സി ഇളവുകളും ഇതിലൂടെ സ്വന്തമാക്കാം.
2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ എത്തുന്ന അതിഥികളുടെ വിവരങ്ങൾ സെപ്റ്റംബർ 30-ന് മുമ്പ് ഔദ്യോഗിക പ്ലാറ്റ്ഫോമിൽ നൽകേണ്ടതുണ്ട്. ജി.ഡി.ആർ.എഫ്.എ (GDRFA) വഴി വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും ഓഫറുകൾ ലഭ്യമാക്കുക. ലഭിക്കുന്ന ഓഫറുകൾ 2026 ഡിസംബർ 31 വരെ ഉപയോഗപ്പെടുത്താവുന്നതാണ്.
Raneesha Razak
അബുദാബി : യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MOHRE) വിവിധ സേവന ഫീസുകളും പിഴകളും ഇനി ‘ടാബി’ (Tabby) വഴി ഗഡുക്കളായി (Instalments) അടയ്ക്കാനുള്ള സൗകര്യം നിലവിൽ വന്നു. 20,000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മൊഹ്റെയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ തുക 4 മുതൽ 12 മാസത്തെ ത തവണകളായി അടച്ചുതീർക്കാം. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ പേയ്മെന്റ് ഓപ്ഷനുകൾ നൽകുന്നതിനും ഡിജിറ്റൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പങ്കാളിത്തമെന്ന് മൊഹ്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മുഹമ്മദ് സഖർ അൽ നുഐമി വ്യക്തമാക്കി.
യു.എ.ഇയിൽ സൗജന്യ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ ഇനി എളുപ്പത്തിൽ കണ്ടെത്താം; പുതിയ ആപ്പുകളുമായി ഡ്രൈവർമാർ
യു.എ.ഇ : ഇലക്ട്രിക് വാഹന ഉടമകൾക്ക് യാത്ര തിരിക്കും മുൻപ് സൗജന്യ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുകൾ സജീവമാകുന്നു. രാജ്യത്തെ ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ, ചില സ്വകാര്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും സൗജന്യ ഇ.വി ചാർജിംഗ് ലഭ്യമാണെങ്കിലും, നേരിട്ട് ചെന്നുനോക്കാതെ ഇവ കൃത്യമായി കണ്ടെത്തുക ബുദ്ധിമുട്ടാണ്.
ഈ പ്രശ്നത്തിനാണ് ‘പ്ലഗ്ഷെയർ’ (PlugShare) എന്ന ക്രൗഡ് സോഴ്സ്ഡ് ആപ്പ് പരിഹാരമാകുന്നത്. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) ഔദ്യോഗിക ആപ്പിനൊപ്പം, വാഹനം ചാർജ് ചെയ്യേണ്ട റൂട്ടും ലഭ്യമായ സ്റ്റേഷനുകളും കണ്ടെത്താൻ ഡ്രൈവർമാർ ഈ ആപ്പിനെയും ഉപയോഗപ്പെടുത്തുന്നു. ഇലക്ട്രിക് വാഹന ഉപയോക്താക്കൾ നൽകുന്ന പുതിയ വിവരങ്ങളും റിവ്യൂകളും അനുസരിച്ചാണ് പ്ലഗ്ഷെയർ പ്രവർത്തിക്കുന്നത്. തത്സമയ അപ്ഡേറ്റുകൾ നൽകാൻ കൂടുതൽ ഉപയോക്താക്കൾ മുന്നോട്ടുവരുന്നതോടെ ഈ ആപ്പിന്റെ കൃത്യതയും ഫലപ്രാപ്തിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
അബുദാബി : OTP-കൾ, അറിയിപ്പുകൾ, പ്രൊമോഷണൽ സന്ദേശങ്ങൾ എന്നിവയ്ക്കായി A2P (Application-to-Person) എസ്.എം.എസ് സേവനങ്ങൾ ഉപയോഗിക്കുന്ന യു.എ.ഇയിലെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ഡിസംബർ 31-നകം ‘ഡയറക്റ്റ് മോഡലിലേക്ക്’ (Direct Model) മാറണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നിർദ്ദേശിച്ചു. ഇടനിലക്കാരില്ലാതെ എസ്.എം.എസ് അഗ്രിഗേറ്ററിൽ നിന്ന് നേരിട്ട് ഉപഭോക്താവിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്ന സംവിധാനമാണിത്.
ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് കമ്പനികൾ, ഹെൽത്ത് കെയർ, ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. സേവനങ്ങളിൽ തടസ്സമുണ്ടാകാതിരിക്കാൻ സമയപരിധിക്കുള്ളിൽ രാജ്യത്തെ അംഗീകൃത ടെലികോം സേവനദാതാക്കളായ ഇ ആൻഡ് (e&), ഡു (du) എന്നിവരുമായി ബന്ധപ്പെട്ട് മാറ്റങ്ങൾ വരുത്തണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ദുബായ് : 2026-ന്റെ രണ്ടാം പാദത്തിൽ ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ (Command-and-Control Centre) വഴി 13 ലക്ഷത്തിലധികം (1.3 million) കോളുകൾ കൈകാര്യം ചെയ്തതായി അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലെ മികച്ച പ്രതികരണ ശേഷിയും പ്രവർത്തനക്ഷമതയും കൈവരിച്ച് സേവന നിലവാരത്തിൽ ദുബായ് പോലീസ് വീണ്ടും ആഗോളതലത്തിൽ മുന്നിലെത്തി.
ലഭിച്ച അടിയന്തര കോളുകളിൽ 99.8 ശതമാനവും വെറും 10 സെക്കൻഡിനുള്ളിൽ അറ്റൻഡ് ചെയ്യാൻ സാധിച്ചു. 97 ശതമാനം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഈ മികച്ച നേട്ടം. കൂടാതെ സ്റ്റേഷൻ പരിധികളിൽ പോലീസിന്റെ പട്രോളിംഗ് സാന്നിധ്യം 98.8 ശതമാനം ഉറപ്പാക്കാനും സാധിച്ചു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ പോലീസ് പ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തിക്കൊണ്ട് തീരുമാനങ്ങൾ വേഗത്തിലാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
ചൈന : മിഡിൽ ഈസ്റ്റും ഈസ്റ്റ് ഏഷ്യയും തമ്മിലുള്ള അതിർത്തി കടന്നുള്ള ബിസിനസ്സ്, നിക്ഷേപം, ഉപദേശക സേവനങ്ങൾ എന്നിവ ശക്തമാക്കുന്നതിനായി യു.എ.ഇ കമ്പനികളും മുൻനിര ചൈനീസ് നിയമ സ്ഥാപനവും തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. യു.എ.ഇ കോർപ്പറേറ്റ് സർവീസ് പ്രൊവൈഡറായ ‘ദി കോർപ്പറേറ്റ് ഗ്രൂപ്പ്’ (TCG), ‘അഹമ്മദ് അൽ റഈസി അഡ്വക്കേറ്റ്സ് & ലീഗൽ കൺസൾട്ടന്റ്സ്’, ചൈനയിലെ ‘വിൻ ലോങ് ഗ്വാങ്ഡോങ് ലാ ഫേം’ (WLG) എന്നിവരാണ് കരാറിൽ ഏർപ്പെട്ടത്. ചൈനയിലെ ഗ്വാങ്ഷൂവിൽ വെച്ചാണ് ധാരണാപത്രം (MOU) ഒപ്പുവെച്ചത്.
യു.എ.ഇ, ജി.സി.സി, ചൈന എന്നീ വിപണികളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് കമ്പനി രൂപീകരണം, കോർപ്പറേറ്റ് സ്ട്രക്ചറിംഗ്, റെഗുലേറ്ററി കംപ്ലയൻസ്, മാർക്കറ്റ് എൻട്രി സ്ട്രാറ്റജികൾ തുടങ്ങിയ മേഖലകളിൽ സംയുക്ത പിന്തുണ നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജി.സി.സിയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധവും വ്യാപാരവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്റ്റാർട്ടപ്പുകൾ, ചെറുകിട സംരംഭങ്ങൾ, മൾട്ടിനാഷണൽ കമ്പനികൾ എന്നിവർക്കായി ഈ പുതിയ പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നത്.
വൺസ് സെറ്റിൽഡ്, ഓൾവേസ് സെറ്റിൽഡ്! ഒത്തുതീർപ്പ് കരാറുകളിൽ ഇനി നോ അപ്പീൽ എന്ന് ദുബായ് കോടതി
ദുബായ് : കേസ് നടക്കുമ്പോൾ മുസ്ലീം ദമ്പതികൾ തമ്മിൽ കോടതിയിൽ വെച്ച് ഉണ്ടാക്കുന്ന ഒത്തുതീർപ്പ് വ്യവസ്ഥകൾ പിന്നീട് ഉയർന്ന കോടതികളിൽ ചോദ്യം ചെയ്യാനാവില്ലെന്ന് ദുബായ് കോർട്ട് ഓഫ് കസേഷൻ വിധി പ്രസ്താവിച്ചു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിലോ അപ്പീൽ കോടതിയിലോ വെച്ച് ഇരുവിഭാഗവും എത്തിച്ചേരുന്ന ധാരണകൾ മിനിറ്റ്സിൽ രേഖപ്പെടുത്തി എക്സിക്യൂട്ടീവ് ഓർഡർ ആയി മാറിയാൽ, അത് അന്തിമവും നിർബന്ധമായും നടപ്പിലാക്കേണ്ടതുമാണെന്ന് കോടതി വ്യക്തമാക്കി.
ഭർത്താവ് നൽകിയ വിവാഹമോചന കേസിൽ 1,25,000 ദിർഹത്തിന് ഭാര്യയുമായി ഒത്തുതീർപ്പിലെത്തിയ ശേഷം, തനിക്ക് ഭാഷ മനസ്സിലായില്ലെന്ന കാരണം പറഞ്ഞ് ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ദുബായ് ഉയർന്ന കോടതി നിർണ്ണായക നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക മിനിറ്റ്സിന്റെ ഭാഗമാകുന്ന ഇത്തരത്തിലുള്ള കരാറുകൾ ഒരു ജുഡീഷ്യൽ വിധി അല്ലാത്തതിനാൽ അതിനെതിരെ അപ്പീൽ ഹർജിയോ കസേഷൻ ഹർജിയോ സമർപ്പിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈജിപ്ത് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ്
അബുദാബി : യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. ബദർ അബ്ദലാത്തിയുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളും മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.
അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) തടസ്സമില്ലാത്ത കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. യു.എ.ഇയും ഈജിപ്തും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
അബുദാബി : സൗദി അറേബ്യയ്ക്കെതിരെ ഹൂതി വിഭാഗം നടത്തുന്ന പ്രസ്താവനകളെയും ഉപരോധ ഭീഷണികളെയും കടുത്ത ഭാഷയിൽ അപലപിച്ച് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. സൗദിക്കെതിരെ കടൽമാർഗ്ഗ ഉപരോധം (Maritime blockade) ഏർപ്പെടുത്തുമെന്ന ഹൂതികളുടെ പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
യമനുമായി ബന്ധപ്പെട്ട യു.എൻ രക്ഷാസമിതിയുടെ പ്രമേയം 2216, ചെങ്കടലിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന പ്രമേയം 2722 എന്നിവ നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസ്സമില്ലാത്ത യാത്ര 1982-ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാർ (UNCLOS) പ്രകാരം ഉറപ്പുനൽകുന്ന അവകാശമാണ്. സൗദിയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യു.എ.ഇയുടെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
ദുബായ് : ഹെൻലി പാസ്പോർട്ട് ഇൻഡെക്സിന്റെ (Henley Passport Index) 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടത്തോടെ യു.എ.ഇ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ യാത്ര രേഖകളിൽ രണ്ടാം സ്ഥാനത്തെത്തി. 2026 ജൂലൈയിലെ പുതിയ കണക്കുകൾ പ്രകാരം മുൻകൂട്ടി വീസയില്ലാതെയും (Visa-free) വീസ ഓൺ അറൈവലിലൂടെയും (Visa-on-arrival) 188 രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാർക്ക് യാത്ര ചെയ്യാം. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് യു.എ.ഇ രണ്ടാം സ്ഥാനം പങ്കിടുന്നത്. 192 രാജ്യങ്ങളിലേക്ക് വീസരഹിത പ്രവേശനമുള്ള സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
2006-ൽ പട്ടികയിൽ ഇടത്തരം സ്ഥാനത്തായിരുന്ന യു.എ.ഇ പാസ്പോർട്ടിന് അന്ന് 35 രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 153 പുതിയ രാജ്യങ്ങളിലേക്ക് കൂടി വീസരഹിത യാത്ര വ്യാപിപ്പിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വളർച്ചയാണ് രാജ്യം കൈവരിച്ചത്. യു.എ.ഇയുടെ ശക്തമായ നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക പങ്കാളിത്തങ്ങളും ആഗോള സ്വാധീനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.