അബുദാബി : ഔദ്യോഗിക സ്ഥാപനങ്ങളുടെയും വിദേശ എംബസികളുടെയും ഫോൺ നമ്പറുകൾ വ്യാജമായി പ്രദർശിപ്പിച്ച് യുഎഇ നിവാസികളെ ലക്ഷ്യമിട്ട് നടത്തുന്ന അത്യാധുനിക ‘കോളർ ഐഡി സ്പൂഫിംഗ്’ (Caller ID Spoofing) തട്ടിപ്പുകൾക്കെതിരെ സൈബർ സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇരകളെക്കുറിച്ചുള്ള കൃത്യമായ വ്യക്തിഗത വിവരങ്ങൾ മുൻകൂട്ടി ശേഖരിച്ചാണ് ഇത്തരം സംഘങ്ങൾ വിളിക്കുന്നത്.
അബുദാബിയിൽ താമസിക്കുന്ന റോഡി നാസർ എന്ന എഞ്ചിനീയർക്ക് ലെബനനിലെ യുഎസ് എംബസിയുടെ ഔദ്യോഗിക നമ്പറിൽ നിന്ന് ഒരു കോൾ വന്നു. വർഷങ്ങൾക്ക് മുൻപ് ഗ്രീസിൽ വെച്ച് അദ്ദേഹത്തിന്റെ പാസ്പോർട്ട് മോഷണം പോയ വിവരമടക്കം കൃത്യമായി പറഞ്ഞാണ് തട്ടിപ്പുകാർ സംസാരിച്ചത്. മണി ലോണ്ടറിംഗ് കേസിൽ നാസറിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും കേസ് തീർപ്പാക്കാൻ വക്കീലിനെ വെക്കാൻ പണം കൈമാറണമെന്നും ആവശ്യപ്പെട്ടു. സംശയം തോന്നി ഫോൺ കട്ട് ചെയ്ത ശേഷം നാസർ എംബസിയിലേക്ക് നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേ നമ്പർ വ്യാജമായി കാണിച്ച് തട്ടിപ്പുകാർ വിളിച്ചതാണെന്ന് വ്യക്തമായത്.