5
അബുദാബി : യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ ഓഫീസ് കാര്യ മന്ത്രിയും അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി ചെയർമാനുമായ ശെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ ‘ഗ്ലോബൽ ഫുഡ് വീക്ക് 2026’-ന് അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) തുടക്കമായി.
ഒക്ടോബർ 8 വരെ നീണ്ടുനിൽക്കുന്ന ഈ മേള അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ തന്ത്രപരമായ പങ്കാളിത്തത്തോടെ അഡ്നെക് ഗ്രൂപ്പാണ് (ADNEC Group) സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, നിക്ഷേപകർ, കർഷകർ, നിർമ്മാതാക്കൾ, ഗവേഷകർ എന്നിവരുടെ സജീവ പങ്കാളിത്തം ഈ മേളയിലുണ്ട്. 92 രാജ്യങ്ങളിൽ നിന്നായി 2,580-ലധികം പ്രദർശകർ, വാങ്ങലുകാർ, നയരൂപകർത്താക്കൾ എന്നിവരാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. കാർഷികോൽപ്പാദനം മുതൽ സംസ്കരണം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയെല്ലാം ഒരുകുടക്കീഴിൽ അണിനിരത്തുന്ന സമഗ്ര വേദിയായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മേള വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. പ്രദർശന സ്ഥലം 25 ശതമാനം വർധിപ്പിച്ച് ഏകദേശം 42,000 ചതുരശ്ര മീറ്ററാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ പ്രദർശകരുടെ എണ്ണത്തിൽ 18 ശതമാനവും പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ 23 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ പങ്കാളിത്തത്തിന്റെ 33 ശതമാനം അന്താരാഷ്ട്ര ബ്രാൻഡുകളും 67 ശതമാനം ദേശീയ പ്രദർശകരുമാണ്. ഇതിൽ 22 ശതമാനത്തോളം ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് (SMEs).