35
ദുബായ് : യു.എഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ‘ദി ലെറ്റേഴ്സ്’ (Lessons from Life ഭാഗം 2) എന്ന പുസ്തകത്തിലെ സന്ദേശത്തിന് മറുപടിയുമായി ദുബായ് സിവില്‍ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം രംഗത്ത്. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി പ്രതിബദ്ധതയോടെ ഒപ്പം സഞ്ചരിക്കാൻ കഴിഞ്ഞത് വലിയൊരു ഉത്തരവാദിത്തമായി കാണുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വെല്ലുവിളികൾ നിറഞ്ഞതായിരുന്നു തങ്ങളുടെ യാത്രയെന്നും, രാജ്യവും ജനങ്ങളും മുൻഗണന നേടുമ്പോൾ സ്വപ്നങ്ങൾ എങ്ങനെ യാഥാർത്ഥ്യമാകുമെന്ന് ഈ കാലയളവിൽ തിരിച്ചറിഞ്ഞതായും ശൈഖ് അഹ്മദ് പറഞ്ഞു. ദുബായിയോടും യു.എഇയോടും എപ്പോഴും വിശ്വസ്തത പുലർത്തുമെന്നും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ സഹോദരൻ, നേതാവ്, യാത്രയിലെ കൂട്ടാളി’ എന്നാണ് ശൈഖ് മുഹമ്മദിന്റെ സന്ദേശത്തോടുള്ള പ്രതികരണത്തിൽ ശൈഖ് അഹ്മദ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ആറ് പതിറ്റാണ്ടത്തെ പൊതുസേവന അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളാണ് ശൈഖ് മുഹമ്മദ് തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. വരുംതലമുറകൾക്കായി വിലമതിക്കാനാവാത്ത സംഭാവനകൾ നൽകുക എന്നതാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.