12
ഷാർജ: എൻജിൻ ഓഫാക്കാതെ ആളില്ലാതെ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിക്കപ്പെട്ട് രണ്ട് മണിക്കൂറിനുള്ളിൽ കണ്ടെത്തി ഷാർജ പൊലീസ്. സെപ്റ്റംബർ 24-ന് വൈകുന്നേരമാണ് കാർ മോഷണം പോയതായി കാറുടമയായ സ്ത്രീ പൊലീസിന്റെ ഓപ്പറേഷൻ സെന്ററിൽ വിവരം അറിയിച്ചത്. വിവര ലഭിച്ചയുടൻ രംഗത്തിറങ്ങിയ പ്രത്യേക പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് വാഹനം കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
തൊട്ടടുത്തുള്ള കടകളിലോ മറ്റോ ചെറിയ ആവശ്യങ്ങൾക്കായി പോകുമ്പോൾ പോലും കാറിന്റെ എൻജിൻ ഓഫ് ചെയ്യാതെ താക്കോൽ വച്ചു പോകരുതെന്ന് ഷാർജ പൊലീസ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു. ഇത്തരം വീഴ്ചകൾ വാഹനങ്ങൾ മോഷണം പോകാൻ എളുപ്പമാക്കുമെന്നും, ഇത് നിയമപരമായ കുറ്റകൃത്യമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പിടികൂടിയ പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.