9
ന്യൂയോർക്ക്: 81-ാമത് യുഎൻ പൊതുസമ്മേളനത്തിന്റെ (യുഎൻജിഎ 81) രണ്ടാം ദിവസത്തെ വിവിധ ഉയർന്നതല യോഗങ്ങളിൽ യുഎഇ പ്രതിനിധി സംഘം സജീവമായി പങ്കെടുത്തു. ഗാസയിലെ സമാധാനശ്രമങ്ങൾ, സുഡാൻ വിഷയം, ആഗോള വിദ്യാഭ്യാസം, ഊർജ സഹകരണം തുടങ്ങിയ വിവിധ സുപ്രധാന വിഷയങ്ങളിൽ യുഎഇ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.
യുഎഇ പ്രസിഡന്റിന്റെ ഡിപ്ലോമാറ്റിക് അഡൈ്വസർ ഡോ. അൻവർ ഗാർഗഷ് ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിച്ചു. രാജ്യാന്തര സഹകരണ വകുപ്പ് മന്ത്രി റീം അൽ ഹാഷിമി, വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനായുള്ള ആഗോള ഫണ്ടിങ് യോഗത്തിലും ഗാസയിലെ സമാധാന പദ്ധതികൾക്കായുള്ള ബോർഡ് ഓഫ് പീസ് യോഗത്തിലും പങ്കെടുത്തു. മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റുമായി കൂടിക്കാഴ്ച നടത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജ സഹകരണം അവലോകനം ചെയ്തു.
സുഡാനിലെ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന് സ്റ്റേറ്റ് മിനിസ്റ്റർ ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ വ്യക്തമാക്കി. കൂടാതെ വിദേശകാര്യ മന്ത്രിയുടെ ഭീകരവാദ വിരുദ്ധ ദൂതൻ മക്‌സൂദ് ക്രൂസ് വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള ഫലസ്തീൻ കുട്ടികൾക്കായുള്ള സംരക്ഷണവും മാനുഷിക സഹായങ്ങളും ഊന്നിപ്പറഞ്ഞു. ആരോഗ്യരംഗം, കാലാവസ്ഥാ വ്യതിയാനം, ജി.സി.സി-ആസിയാൻ പങ്കാളിത്തം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ യോഗങ്ങളിലും യുഎഇ മന്ത്രിമാർ പങ്കെടുത്തു.