17
ദുബായ് : വിമാനയാത്രയ്ക്കിടെ യാത്രക്കാരി നൽകിയ ചെറിയൊരു സമ്മാനവും അതുണ്ടാക്കിയ അപ്രതീക്ഷിത വൈകാരിക മുഹൂർത്തവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എമിറേറ്റ്സ് വിമാനത്തിൽ വെച്ച് ഒരു യാത്രിക തൻ്റെ കൈകൊണ്ട് നിർമ്മിച്ച ലെഗോ (LEGO) രൂപം ക്യാബിൻ ക്രൂ അംഗത്തിന് സമ്മാനിച്ചതാണ് ഏവരുടെയും കരളലിയിച്ചത്.
അലീന ജൂഡ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിലിരുന്ന് യാത്രിക ലെഗോ നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എയർഹോസ്റ്റസ് അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പിന്നീട് യാത്രിക താൻ തയ്യാറാക്കിയ ലെഗോ രൂപം ജീവനക്കാരിക്ക് സർപ്രൈസായി സമ്മാനിക്കുകയായിരുന്നു.
സമ്മാനം കണ്ട് അങ്ങേയറ്റം സന്തോഷവും അദ്ഭുതവും തോന്നിയ ജീവനക്കാരി, “നിങ്ങൾ എന്നെ കരയിപ്പിക്കും” എന്ന് പറഞ്ഞ് യാത്രികയെ സ്നേഹത്തോടെ ആലിംഗനം ചെയ്തു. ഇരുവർക്കുമിടയിലെ ഈ ചെറിയ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ചെറിയ നല്ല പ്രവൃത്തികൾക്ക് എങ്ങനെയാണ് ഒരു സാധാരണ വിമാനയാത്രയെ അവിസ്മരണീയമാക്കാൻ കഴിയുക എന്നതിന്റെ മികച്ച ഉദാഹരണമായാണ് കാഴ്ചക്കാർ ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്.