9
അബുദാബി : യഥാർത്ഥ ലോകത്ത് കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ പ്രയോജനം ഉറപ്പാക്കുന്നതിൽ നിർണായക ചുവടുവെപ്പുമായി അബുദാബി. ലോകത്തിലെ ഏറ്റവും വലിയ എഐ-ഫസ്റ്റ് എക്സ്പോയും ഉച്ചകോടിക്കും ആതിഥ്യം വഹിക്കാൻ ഒരുങ്ങുകയാണ് യുഎഇ തലസ്ഥാനം. ഒക്ടോബർ 6 മുതൽ 7 വരെ എഡിനെക് സെന്ററിലാണ് (ADNEC Centre) ആഗോള ഉച്ചകോടി നടക്കുന്നത്. എഐ രംഗത്തെ ആഗോള അതികായരും സ്റ്റാർട്ടപ്പുകളും ഒത്തുചേരുന്ന ഈ സംഗമം സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളാണ് തുറന്നുകാട്ടുന്നത്.
ലോകമെമ്പാടുമുള്ള സർക്കാരുകളും ബിസിനസുകളും എഐ രംഗത്തെ നിക്ഷേപം വൻതോതിൽ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് അബുദാബിയിൽ ഈ ഉച്ചകോടി നടക്കുന്നത്. ഗാർട്ട്നറുടെ കണക്കുകൾ പ്രകാരം ഈ വർഷം എഐ മേഖലയിലേക്കുള്ള ആഗോള നിക്ഷേപം 47 ശതമാനം വർധിച്ച് 2.59 ട്രില്യൺ ഡോളറിലെത്തിയിട്ടുണ്ട്. എഐ രംഗത്തെ ലോകത്തിന്റെ തലസ്ഥാനമായി അബുദാബിയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ‘ദ ന്യൂ ഇന്റലിജൻസ് ഓർഡർ ഫ്രം അബുദാബി’ എന്ന പ്രമേയത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
60 രാജ്യങ്ങളിൽ നിന്നുള്ള 400-ലധികം എഐ നിർമ്മാതാക്കളും സ്റ്റാർട്ടപ്പുകളും 91 ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഇതര നിക്ഷേപകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മിസ്ട്രൽ എഐ സഹസ്ഥാപകനും സിഇഒയുമായ ആർതർ മെൻഷ്, ബോസ്റ്റൺ ഡൈനാമിക്സ് സ്ഥാപകൻ മാർക്ക് റെയ്ബർട്ട് തുടങ്ങി 180-ലധികം പ്രമുഖർ പരിപാടിയിൽ സംസാരിക്കും.