ദുബായ് : 2026-ന്റെ ആദ്യ പകുതിയിൽ ദുബായിലെ യാത്രാ ഗതാഗത നിയമലംഘനങ്ങളിൽ 21 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മുൻവർഷം സമാന കാലയളവിൽ 38,000 ആയിരുന്ന ലംഘനങ്ങൾ ഈ വർഷം 30,000 ആയി കുറഞ്ഞു. ഗതാഗത മേഖലയിലെ വർദ്ധിച്ചുവരുന്ന നിയമപാലനമാണ് ഈ നേട്ടത്തിന് കാര്യമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) വ്യക്തമാക്കി.
ഈ വർഷം ആദ്യ ആറുമാസത്തിനുള്ളിൽ ആർ.ടി.എയുടെ നേതൃത്വത്തിൽ 1.6 ദശലക്ഷത്തിലധികം പരിശോധനകളാണ് പാസഞ്ചർ ട്രാൻസ്‌പോർട്ട് മേഖലയിൽ നടത്തിയത്. കഴിഞ്ഞ വർഷം ഇത് 1.5 ദശലക്ഷമായിരുന്നു. പൊതുഗതാഗതം, സ്കൂൾ ബസുകൾ, ടൂറിസ്റ്റ് ട്രാന്സ്പോർട്ട്, ചാർട്ടേർഡ് ബസുകൾ, അനധികൃത യാത്രാ ഗതാഗതം എന്നിവയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കിയത്.
അനധികൃത വാഹനങ്ങളിലെ യാത്രയും നിയമവിരുദ്ധ സർവീസുകളും തടയുന്നതിന്റെ ഭാഗമായി വിവിധ സുരക്ഷാ വകുപ്പുകളുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 340 നിയമലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 57 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഡാറ്റ അനലിറ്റിക്സ് ഉപയോഗിച്ചാണ് ആർ.ടി.എ ഇപ്പോൾ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കിയിരിക്കുന്നത്.