Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:59 AM

ഹരിതോർജ്ജത്തിലേക്ക് ദുബായ് പോലീസ്: സോളാർ പദ്ധതിയിലൂടെ കാർബൺ പുറന്തള്ളലിൽ വൻ കുറവ്

by Raneesha Razak
ദുബായ് : ഹരിതോർജ്ജ ഉപയോഗവും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ദുബായ് പോലീസ് നടപ്പിലാക്കിയ പ്രഥമ ഘട്ട സൗരോർജ്ജ പദ്ധതി വിജയകരമായി പൂർത്തിയായി. ദുബായിലെ വിവിധ പോലീസ് സ്റ്റേഷനുകൾ, ജനറൽ ഡിപ്പാർട്ട്‌മെന്റുകൾ, മറ്റ് അനുബന്ധ കേന്ദ്രങ്ങൾ ഉൾപ്പെടെ 28 പോലീസ് കേന്ദ്രങ്ങളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ഇതിലൂടെ പ്രതിവർഷം 26,000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ദുബായ് പോലീസ് കെട്ടിടങ്ങൾ പുറന്തള്ളുന്ന മൊത്തം കാർബൺ അളവിന്റെ 20 ശതമാനത്തോളമാണിത്.
ലോജിസ്റ്റിക്സ് സപ്പോർട്ട് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ 2023-ലെ COP28 ഉച്ചകോടിയിലാണ് 25 വർഷത്തെ ദൈർഘ്യമുള്ള ഈ പദ്ധതിക്ക് തുടക്കമിട്ടത്. പഴക്കവും നിർമ്മാണ രീതിയും പ്രവർത്തന ആവശ്യകതകളും പരിഗണിച്ച്, സേവനങ്ങളെ ബാധിക്കാത്ത വിധമാണ് ഓരോ കെട്ടിടത്തിലും സൗരോർജ്ജ സംവിധാനം സജ്ജമാക്കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടം 2026 അവസാന പാദത്തോടെ ആരംഭിക്കുമെന്നും 2030-ഓടെ കാർബൺ പുറന്തള്ളൽ 50 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും എൻവയോൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ എഞ്ചിനീയർ മറിയം റാഷിദ് ബോൺഫൂർ വ്യക്തമാക്കി. ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050 ലക്ഷ്യങ്ങളിലേക്കുള്ള പ്രധാന നാഴികക്കല്ലാണ് ഈ നേട്ടം.

You may also like