36
ദുബായ് : ദുബായ് ഡിജിറ്റൽ പാർക്കിലെ എ6 കൊമേഴ്സ്യൽ കെട്ടിടത്തിൽ ആധുനിക ഡെലിവറി റോബോട്ടുകളുടെ പരീക്ഷണം ആരംഭിച്ച് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബാത്. ദുബായ് സിലിക്കൺ ഒയാസിസിലാണ് ഈ നൂതന പദ്ധതിക്ക് തുടക്കമായിരിക്കുന്നത്. സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോബോട്ടിക്സ് കമ്പനിയായ ക്വിക്ക്ബോട്ടും തലാബാതുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതുപ്രകാരം കെട്ടിടങ്ങൾക്ക് ഉള്ളിലെ ബുദ്ധിമുട്ടേറിയ ഡെലിവറി ജോലികൾ ഇനി മുതൽ റോബോട്ടുകൾ ഏറ്റെടുക്കും.
പദ്ധതിയുടെ ഭാഗമായി ഡെലിവറി ജീവനക്കാർ ഓർഡറുകൾ കെട്ടിടത്തിലെ നിശ്ചിത കേന്ദ്രത്തിൽ വെച്ച് ക്വിക്ക്ബോട്ട് റോബോട്ടിന് കൈമാറുന്നു. തുടർന്ന് റോബോട്ട് ലിഫ്റ്റ് വഴി സഞ്ചരിച്ച് ഉപഭോക്താവിന്റെ വാതിൽപ്പക്കൽ ഓർഡർ എത്തിക്കും. വൺ-ടൈം പാസ്‌വേർഡ് (OTP) ഉപയോഗിച്ചാണ് ഉപഭോക്താക്കൾ ഓർഡർ കൈപ്പറ്റുന്നത്. ബഹുനില കെട്ടിടങ്ങളിൽ ഡെലിവറി ജീവനക്കാർ നേരിടുന്ന സമയനഷ്ടം ഒഴിവാക്കാനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. കെട്ടിടത്തിനകത്ത് പ്രവേശിക്കുക, ലിഫ്റ്റിനായി കാത്തുനിൽക്കുക, വിവിധ നിലകളിലേക്ക് യാത്ര ചെയ്യുക തുടങ്ങിയ ബുദ്ധിമുട്ടേറിയ ഘട്ടങ്ങൾ ഒഴിവാക്കാൻ ഈ റോബോട്ടുകൾക്ക് സാധിക്കും.
ഡെലിവറി ജീവനക്കാരുടെ സമയം എത്രത്തോളം ലാഭിക്കാൻ കഴിയുമെന്നും ഇരു കമ്പനികളുടെയും സാങ്കേതികവിദ്യകൾ എത്രത്തോളം സുഗമമായി ഒരേ ഘട്ടത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ പരീക്ഷണത്തിലൂടെ വിലയിരുത്തുമെന്ന് തലാബാത് യു.എ.ഇ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ സൈമണിഡ സുബോട്ടിക് വ്യക്തമാക്കി. ഡിജിറ്റൽ ഐഡന്റിറ്റി നൽകി റോബോട്ടുകളുടെ കെട്ടിടത്തിനുള്ളിലെ പ്രവർത്തനങ്ങളെയും മനുഷ്യരുമായുള്ള ഇടപെടലുകളെയും നിയന്ത്രിക്കുന്ന ക്വിക്ക്സിങ്ക് പ്ലാറ്റ്‌ഫോമാണ് ക്വിക്ക്ബോട്ട് ഇതിനായി ഉപയോഗിക്കുന്നത്. യു.എ.ഇയിലും സിംഗപ്പൂരിലും ഇതിനോടകം തന്നെ ഈ കമ്പനിയുടെ സ്വയം ഡ്രൈവിംഗ് ഡെലിവറി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നുണ്ട്.
റോബോട്ടുകൾക്ക് ലോബികളിലേക്കും ലിഫ്റ്റുകളിലേക്കും പ്രവേശനം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ബഹുനില കെട്ടിടങ്ങൾ ഡെലിവറി മേഖലയിൽ വലിയ പങ്കുവ വഹിക്കുന്നുണ്ടെന്ന് ക്വിക്ക്ബോട്ട് സ്ഥാപകനും സി.ഇ.ഒയുമായ അലൻ എൻജി വ്യക്തമാക്കി. സെപ്റ്റംബർ 7-നാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ (എം.ഒ.യു) കമ്പനികൾ ഒപ്പുവെച്ചത്. പരീക്ഷണത്തിന്റെ വിജയം വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ തലാബാതിന്റെ മറ്റ് ഡെലിവറി പ്രവർത്തനങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ബഹുനില കെട്ടിടങ്ങളിലെ ഡെലിവറി ചുമതല റോബോട്ടുകൾ ഏറ്റെടുക്കുന്നതോടെ ജീവനക്കാർക്ക് മറ്റ് ഓർഡറുകൾക്കായി വേഗത്തിൽ ലഭ്യമാകാൻ സാധിക്കുമെന്നാണ് ഈ മാതൃക വിഭാവനം ചെയ്യുന്നത്.