46
ദുബായ് : പുതിയ യൂണിഫോമും സ്കൂൾ ബാഗുകളും പുതിയ പുസ്തകങ്ങളുമായി കുട്ടികൾ ക്ലാസുകളിലേക്ക് മടങ്ങിയെത്തുമ്പോൾ, രക്ഷിതാക്കൾക്ക് വലിയൊരു വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. യു.ഇ.ഇയിലെ പല കുടുംബങ്ങൾക്കും പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്ചകൾ ചുമ, ജലദോഷം, പനി, വയറുവേദന തുടങ്ങിയ അസുഖങ്ങളുമായി പൊരുതേണ്ടി വരുന്ന സമയമായി മാറാറുണ്ട്. ദീർഘകാലത്തെ അവധിക്ക് ശേഷം കുട്ടികൾ വീണ്ടും ക്ലാസ് മുറികളിലും മറ്റ് പൊതു ഇടങ്ങളിലും ഒത്തുകൂടുമ്പോഴാണ് ഇത്തരം അണുബാധകൾ വേഗത്തിൽ പടരുന്നതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
മിക്ക അസുഖങ്ങളും നിസ്സാരമാണെങ്കിലും, വീട്ടിൽ വെച്ച് കുട്ടികളെ എങ്ങനെ പരിചരിക്കണം, എപ്പോഴാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കേണ്ടതില്ല, ഏതൊക്കെ ലക്ഷണങ്ങൾ കണ്ടാക്ടാണ് ഡോക്ടറെ കാണിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.