അബുദാബി: ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാൻ യുഎഇക്ക് നേരെ 3,300 മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായും അവയിൽ ഭൂരിഭാഗവും ജനവാസ കേന്ദ്രങ്ങളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. അബുദാബിയിൽ നടക്കുന്ന ഹിലി ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണങ്ങളിൽ ഭൂരിഭാഗവും യുഎഇയുടെ വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആക്രമണങ്ങൾക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തടസ്സപ്പെട്ടില്ലെന്നും ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം 13 ശതമാനം വളർച്ച കൈവരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണം ഒരൊറ്റ രാജ്യത്തിന്റെ കൈകളിൽ മാത്രം ഒതുങ്ങരുതെന്നും അത് അന്താരാഷ്ട്ര പ്രാധാന്യമുള്ള ജലപാതയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇറാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചേക്കാമെങ്കിലും തകർന്ന പരസ്പരവിശ്വാസം വീണ്ടെടുക്കാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. പ്രതിസന്ധികൾക്കിടയിലും ബദൽ വ്യാപാര പാതകളും തുറമുഖ ശേഷിയും വികസിപ്പിച്ച് രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും, അന്താരാഷ്ട്ര പങ്കാളികളുമായുള്ള തന്ത്രപ്രധാന സഹകരണം ശക്തമായി തുടരുമെന്നും ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.
20
previous post