Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 11:31 PM

വ്യാജ വിസ പരസ്യങ്ങളിൽ വഞ്ചിക്കപ്പെടരുത്; പ്രമുഖ സോഷ്യൽ മീഡിയ താരത്തെ അറസ്റ്റ് ചെയ്ത് ദുബായ് ജിഡിആർഎഫ്എ

by Raneesha Razak

ദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പണം വാങ്ങി വ്യാജ തൊഴിൽ വിസകളും റസിഡൻസി പെർമിറ്റുകളും വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA). സ്വന്തം നാട്ടിൽ കലാമേഖലയിൽ പ്രശസ്തനും സോഷ്യൽ മീഡിയയിൽ വലിയ അനുയായി വൃന്ദവുമുള്ള പ്രമുഖ വ്യക്തിയെ വ്യാജ വിസ തട്ടിപ്പിന്റെ പേരിൽ ദുബായ് പൊലീസുമായി ചേർന്ന് ജിഡിആർഎഫ്എ അറസ്റ്റ് ചെയ്തു. യുട്യൂബ്, ടിക് ടോക് എന്നിവയിലൂടെ സ്വതന്ത്ര തൊഴിൽ വിസകൾ (Freelance Visas) വാഗ്ദാനം ചെയ്ത് നാല്‍പ്പതോളം വ്യാജ വിസകളാണ് ഇയാൾ വിതരണം ചെയ്തത്.
ഇരകൾ യുഎഇയിൽ എത്തുന്നതിന് മുൻപ് തന്നെ സ്വന്തം നാട്ടിൽ വെച്ചാണ് ഇത്തരം ക്രിമിനൽ സംഘങ്ങൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്നത്. കുറഞ്ഞ ചിലവിൽ വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ രേഖകൾ നൽകുന്ന ഇത്തരം സംഘങ്ങളെ പിടികൂടാൻ ശക്തമായ ഇലക്ട്രോണിക്, ഫീൽഡ് നിരീക്ഷണ സംവിധാനങ്ങൾ സജ്ജമാണെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രം വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും, തട്ടിപ്പിനിരയാകുന്നവർ ഭയം കൂടാതെ അധികൃതരെ വിവരമറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

You may also like