അബുദാബി : ഷോപ്പിംഗിനായി പോകുമ്പോഴോ, എടിഎം ഉപയോഗിക്കുമ്പോഴോ, പെട്രോൾ പമ്പുകളിലും പ്രാർത്ഥനയ്ക്കായി പള്ളികളിൽ കയറുമ്പോഴോ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനം നിർത്തിയിട്ട് പോകുന്ന ഡ്രൈവർമാർക്കെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഇത്തരം അശ്രദ്ധ കാണിക്കുന്ന വാഹന ഉടമകൾക്ക് 500 ദിർഹം (AED 500) പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. വാഹനം മോഷ്ടിക്കപ്പെടാനോ അപ്രതീക്ഷിതമായി തീപിടിത്തം ഉണ്ടാകാനോ ഇത് കാരണമാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
എൻജിൻ ഓൺ ചെയ്ത വാഹനങ്ങളിൽ ചെറിയ കുട്ടികളെയും കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി പോകുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വാഹനം വീട്ടുമുറ്റത്തോ പൊതുസ്ഥലത്തോ നിർത്തിയിടുമ്പോൾ എൻജിൻ അണച്ച്, കീ എടുത്ത് വാഹനം കൃത്യമായി ലോക്ക് ചെയ്തുവെന്ന് ഉറപ്പാക്കണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. കുഞ്ഞുങ്ങളെ കാറിൽ ഒറ്റയ്ക്കാക്കി പോകുന്നത് നിയമലംഘനമാണെന്നും, കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന മാതാപിതാക്കൾക്കെതിരെ വലിയ തുക പിഴയും തടവുശിക്ഷയും ലഭിക്കുമെന്നും അധികൃതർ ആവർത്തിച്ചു.
27