Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 11:09 PM

സുഡാന് താങ്ങായി യുഎഇ; അൽ ഒബെയ്ദിലേക്ക് 30 ദശലക്ഷം ഡോളറിന്റെ അടിയന്തിര സഹായം

by Raneesha Razak

അബുദാബി : സുഡാനിലെ നോർത്ത് കോർഡോഫാനിലുള്ള അൽ ഒബെയ്ദിൽ ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി 30 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 110 ദശലക്ഷം ദിർഹം) അടിയന്തിര മാനുഷിക സഹായം പ്രഖ്യാപിച്ച് യുഎഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദ്ദേശപ്രകാരം ‘യുഎഇ എയ്ഡ് ഏജൻസി’ (UAE Aid Agency) വഴിയാണ് ഈ സഹായങ്ങൾ സുഡാനിലെത്തിക്കുക. കടുത്ത ആഭ്യന്തര പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സുഡാനി ജനതയെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ ആഗോള മാനുഷിക നിലപാടിന്റെ ഭാഗമാണിത്.

നിലവിൽ അൽ ഒബെയ്ദിലും പരിസര പ്രദേശങ്ങളിലും ജനങ്ങൾ കടുത്ത ഭക്ഷണക്ഷാമവും ശുദ്ധജല ദൗർലഭ്യവും മെഡിക്കൽ സൗകര്യങ്ങളുടെ കുറവും നേരിടുന്നുണ്ട്. യുഎഇ പ്രഖ്യാപിച്ച പുതിയ പാക്കേജ് വഴി ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണം, മരുന്നുകൾ, താൽക്കാലിക അഭയകേന്ദ്രങ്ങൾ എന്നിവ ലഭ്യമാക്കും. പ്രതിസന്ധി ആരംഭിച്ചതു മുതൽ ഇതുവരെ 800 ദശലക്ഷം ഡോളറിന്റെ സഹായം യുഎഇ സുഡാന് കൈമാറിയിട്ടുണ്ട്. സുഡാനിലെ പ്രശ്നങ്ങൾക്ക് സൈനികമായ പരിഹാരമില്ലെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി രാഷ്ട്രീയ ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

You may also like