ദുബായ് : പെട്ടെന്ന് വരി മാറുന്നതും (Sudden swerving) മുൻപിലെ വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തതും അമിതവേഗതയുമാണ് ദുബായിലെ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളെന്ന് വിലയിരുത്തി പുതിയ ട്രാഫിക് ബോധവൽക്കരണ കാമ്പയിനുമായി ദുബായ് പോലീസ്. നിസ്സാൻ മിഡിൽ ഈസ്റ്റ്, അബ്ദുൾ വാഹെദ് അൽ റസ്തമാനി ഓട്ടോമൊബൈൽസ് എന്നിവരുമായി സഹകരിച്ച് ജൂൺ 19 മുതൽ ജൂലൈ 9 വരെയാണ് ‘ഡ്രൈവ് വിത്ത് അവയർനസ്’ (Drive with Awareness) എന്ന പേരിൽ ഈ കാമ്പയിൻ സംഘടിപ്പിക്കുന്നത്.
പെട്ടെന്ന് വരി മാറുന്നത് മൂലം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,928 അപകടങ്ങളും, സുരക്ഷിതമായ അകലം പാലിക്കാത്തത് മൂലം 1,529 അപകടങ്ങളും, അമിതവേഗത കാരണം 46 അപകടങ്ങളും ദുബായിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഈസാം അൽ അവാർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗം മൂലമുള്ള ശ്രദ്ധക്കുറവ്, ഡെലിവറി റൈഡർമാരുടെ സുരക്ഷ എന്നിവയും ഈ കാമ്പയിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. സ്മാർട്ട് മോണിറ്ററിംഗ് സംവിധാനങ്ങളുടെയും ബോധവൽക്കരണങ്ങളുടെയും ഫലമായി 2024-നെ അപേക്ഷിച്ച് 2025-ൽ റോഡപകട മരണങ്ങളിൽ 19 ശതമാനം കുറവ് വരുത്താൻ ദുബായ് പോലീസിന് സാധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കം. കാമ്പയിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് രണ്ട് നിസ്സാൻ കിക്ക്സ് (Nissan Kicks) കാറുകൾ സമ്മാനമായി നൽകുമെന്നും പോലീസ് അറിയിച്ചു.