Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:26 AM

വ്യാജ വിസ പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ദുബായ് ജിഡിആർഎഫ്എ

by Raneesha Razak

ദുബായ് : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അനധികൃത വിസ, റസിഡൻസി സേവനങ്ങൾ വാഗ്ദാനം ചെയ്ത് പരസ്യം നൽകുന്നവർക്കെതിരെ കർശന നടപടിയുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai). ഔദ്യോഗിക ലൈസൻസില്ലാതെ വ്യാജ സേവനങ്ങൾ നൽകി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും തടയാനാണ് ഈ ശക്തമായ നടപടി.
ജിഡിആർഎഫ്എയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ വിഭാഗം നടത്തിയ വിപുലമായ നിരീക്ഷണത്തിലാണ് സോഷ്യൽ മീഡിയ വഴി ഇത്തരം വ്യാജ വിസ പരസ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങളെ കണ്ടെത്തിയത്. അനധികൃത കേന്ദ്രങ്ങൾ വഴി വിസ നടപടികൾക്ക് ശ്രമിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും നിയമക്കുരുക്കുകൾക്കും കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ചാനലുകൾ വഴി മാത്രം ഡിജിറ്റൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ദുബായുടെ ലക്ഷ്യമെന്നും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ കർശന നടപടിയെന്നും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബിയും വ്യക്തമാക്കി.

വ്യക്തിഗത വിവരങ്ങളോ പണമോ കൈമാറുന്നതിന് മുൻപ് വിസ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റസിഡൻസി, വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പരസ്യങ്ങളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്നും പൊതുജനങ്ങളുടെ സഹകരണം ഇത്തരം നിയമലംഘനങ്ങൾ തടയാൻ അത്യാവശ്യമാണെന്നും ജിഡിആർഎഫ്എ ദുബായ് ഓർമ്മിപ്പിച്ചു.

You may also like