Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 03:44 PM

‘പിസ്സ ഓർഡർ’ കോഡിലൂടെ വിളിച്ച് സഹായഭ്യർത്ഥന; യുവതിയെ രക്ഷിച്ച് ഷാർജ പോലീസ്

by Raneesha Razak

ഷാർജ : വീട്ടിൽ വെച്ച് ജീവന് ഭീഷണി നേരിട്ട വിദേശി യുവതി, അക്രമിയുടെ മുന്നിൽ വെച്ച് ഷാർജ പോലീസിന്റെ എമർജൻസി നമ്പറിലേക്ക് ‘പിസ്സ ഓർഡർ’ ചെയ്യാനെന്ന വ്യാജേന വിളിച്ച് രക്ഷപെട്ടു. യുവതിയുടെ സംസാരത്തിലെ പന്തികേട് മനസ്സിലാക്കി സമയോചിതമായി ഇടപെട്ട ഷാർജ പോലീസിന്റെ കൺട്രോൾ റൂം ഉദ്യോഗസ്ഥന്റെ മികവിലാണ് യുവതിക്ക് കൃത്യസമയത്ത് രക്ഷയൊരുങ്ങിയത്.
ഷാർജ പോലീസിന്റെ ‘അമാൻ യാ ബിലാദി’ (Aman Ya Biladi) എന്ന പരിപാടിയിലൂടെ കമ്മ്യൂണിക്കേഷൻസ് ഓപ്പറേഷൻസ് ബ്രാഞ്ച് തലവൻ ക്യാപ്റ്റൻ മജിദ് അൽ ബാസ് ആണ് ഈ സംഭവം വെളിപ്പെടുത്തിയത്. കൺട്രോൾ റൂമിലേക്ക് വന്ന കോളിൽ, ഇത് പോലീസ് എമർജൻസി സെന്റർ ആണെന്ന് അറിയിച്ചിട്ടും യുവതി തനിക്ക് ‘പിസ്സ ഓർഡർ’ ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. ഫോൺ എടുത്ത ‘ഖമീസ്’ എന്ന ഡ്യൂട്ടി ഓഫീസർ യുവതി അപകടത്തിലാണെന്നും അക്രമിയുടെ മുന്നിൽ വെച്ചാണ് സംസാരിക്കുന്നതെന്നും വേഗത്തിൽ തിരിച്ചറിഞ്ഞു.

തുടർന്ന് അക്രമിയുടെ ശ്രദ്ധ തിരിക്കാതിരിക്കാൻ ഒരു ഹോട്ടൽ ജീവനക്കാരനെപ്പോലെ സംസാരിച്ച ഓഫീസർ, യുവതിക്ക് മനസ്സിലാകുന്ന രീതിയിലുള്ള കോഡ് ചോദ്യങ്ങൾ ചോദിച്ചു. എത്ര പിസ്സ വേണമെന്ന ചോദ്യത്തിന് ‘ഒന്ന്’ എന്നും, ഡ്രിങ്ക്‌സ് വേണോ എന്ന ചോദ്യത്തിന് ‘രണ്ട്’ എന്നും യുവതി മറുപടി നൽകി. ഇതിലൂടെ അവിടെ രണ്ട് പേരാണ് ഉള്ളതെന്ന് പോലീസിന് വ്യക്തമായി. സംഭാഷണം തുടരുന്നതിനിടയിൽ തന്നെ അത്യാധുനിക സംവിധാനങ്ങളിലൂടെ യുവതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും ഉടൻ തന്നെ പോലീസ് സംഘത്തെ അങ്ങോട്ട് അയക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ പോലീസ് സംഘം കണ്ടത് ‘അസ്വാഭാവിക അവസ്ഥയിലായിരുന്ന’ ഭർത്താവ് യുവതിയെ ഭീഷണിപ്പെടുത്തുന്നതാണ്. പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെട്ട് ഭർത്താവിനെ കീഴ്പ്പെടുത്തുകയും യുവതിയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇത്തരം കോഡ് ഭാഷകളിലുള്ള സഹായമഭ്യർത്ഥനകൾ തിരിച്ചറിയാൻ എമർജൻസി ജീവനക്കാർക്ക് നൽകുന്ന പ്രത്യേക പരിശീലനമാണ് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചതെന്ന് ക്യാപ്റ്റൻ മജിദ് അൽ ബാസ് പറഞ്ഞു.

You may also like