അബുദാബി : അബുദാബിയിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും വാടക തൽക്കാലത്തേക്ക് വർദ്ധിപ്പിക്കുന്നത് പൂർണ്ണമായി മരവിപ്പിച്ചുകൊണ്ടുള്ള ഗവൺമെന്റ് തീരുമാനം പ്രവാസികൾക്കും ബിസിനസ്സ് മേഖലയ്ക്കും വലിയ ആശ്വാസമാകുന്നു. ആഗോള തലത്തിൽ തന്നെ ഇത്തരം തീരുമാനങ്ങൾ വളരെ അപൂർവ്വമാണെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ, നിലവിലുണ്ടായിരുന്ന 5 ശതമാനം വാടക വർദ്ധനവ് ഒഴിവാക്കപ്പെടും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക കരാറുകൾ പുതുക്കുമ്പോൾ പണം വർദ്ധിപ്പിക്കാൻ പാടില്ല. ഈ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ വശം ‘വേക്കൻസി പ്രൊട്ടക്ഷൻ’ (Vacancy Protection) ആണ്. അതായത്, ഒരു വാടകക്കാരനെ ഒഴിപ്പിച്ച ശേഷം പുതിയൊരാൾക്ക് വീട് നൽകുമ്പോഴും പഴയ വാടക തുക മാത്രമേ ഈടാക്കാൻ പാടുള്ളൂ. വിപണി നിരക്ക് അനുസരിച്ച് വാടക കൂട്ടാൻ ഭൂവുടമയ്ക്ക് സാധിക്കില്ല. വാടക കരാറുകൾ രജിസ്റ്റർ ചെയ്യുന്ന ഔദ്യോഗിക ‘തൗതീഖ്’ (Tawtheeq) സിസ്റ്റം വഴി വാടക തുക വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തനിയെ ബ്ലോക്ക് ചെയ്യപ്പെടും. വാടകക്കാരൻ മുൻകൂട്ടി സമ്മതിച്ചിട്ടുണ്ടെങ്കിൽ പോലും സിസ്റ്റം ഉയർന്ന തുക സ്വീകരിക്കില്ല. താമസച്ചെലവ് കുറയ്ക്കാനും സാമ്പത്തിക ഭാരം ലഘൂകരിക്കാനും സഹായിക്കുന്ന ഈ സുപ്രധാന തീരുമാനം അബുദാബിയിലെ വിപണിയിൽ വലിയ സ്ഥിരതയും നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസവും നൽകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.