ദുബായ് : കണ്ടന്റ് ക്രിയേറ്റർമാർ, കൺസൾട്ടന്റുമാർ, ഡിസൈനർമാർ, ഡെവലപ്പർമാർ തുടങ്ങി വിവിധ മേഖലകളിൽ സ്വതന്ത്രമായി ജോലി ചെയ്യുന്ന (Freelancing) പ്രൊഫഷണലുകൾക്ക് സ്പോൺസറുടെ സഹായമില്ലാതെ യുഎഇയിൽ അഞ്ച് വർഷം താമസിക്കാനും ജോലി ചെയ്യാനുമുള്ള സുവർണ്ണാവസരമാണ് യുഎഇ ഗ്രീൻ വിസ (Green Visa) നൽകുന്നത്. ഈ വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ, ചെലവുകൾ, ആവശ്യമായ രേഖകൾ എന്നിവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കുന്നതനുസരിച്ച് താഴെ പറയുന്ന യോഗ്യതകളുള്ള ഫ്രീലാൻസർമാർക്ക് ഈ വിസ സ്വന്തമാക്കാം:
* യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ (MOHRE) നിന്നുള്ള ഔദ്യോഗിക ഫ്രീലാൻസ് പെർമിറ്റ് ഉണ്ടായിരിക്കണം.
* ബാച്ചിലേഴ്സ് ബിരുദമോ (Bachelor’s degree), സ്പെഷ്യലൈസ്ഡ് ഡിപ്ലോമയോ അല്ലെങ്കിൽ അതിന് തുല്യമായ മറ്റ് വിദ്യാഭ്യാസ യോഗ്യതകളോ ഉണ്ടായിരിക്കണം.
* കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഫ്രീലാൻസിംഗിലൂടെ ഓരോ വർഷവും കുറഞ്ഞത് 3,60,000 ദിർഹം (AED 360,000) വാർഷിക വരുമാനം നേടിയതായി തെളിയിക്കണം.
* അല്ലെങ്കിൽ, യുഎഇയിൽ താമസിക്കുന്ന അഞ്ച് വർഷക്കാലയളവിലേക്ക് ആവശ്യമായ സാമ്പത്തിക ഭദ്രത (Financial solvency) തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം.
തദ്ദേശീയരായ തൊഴിലുടമകളെ ആശ്രയിക്കാതെ തന്നെ പ്രവാസികൾക്ക് യുഎഇയിൽ സ്വതന്ത്രമായി ബിസിനസ്സോ ജോലിയോ ചെയ്യാനും കുടുംബത്തെ ഒപ്പം കൂട്ടാനും സഹായിക്കുന്നതാണ് ഈ ദീർഘകാല വിസാ സംവിധാനം.
13