Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 11:35 PM

അത്യുഷ്ണത്തിലേക്ക് യുഎഇ; വരും ദിവസങ്ങളിൽ ചൂടും ഹുമ്മിഡിറ്റിയും കൂടും

by Raneesha Razak

യുഎഇ : താപനില ഏറ്റവും ഉയരുന്ന കടുത്ത വേനൽക്കാലത്തിന് തുടക്കമാകുന്നതായി പ്രമുഖ എമിറാത്തി ജ്യോതിശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ. അറബിക്കടലിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ഉണ്ടാകുന്ന അഞ്ച് പ്രധാന വായുസമ്മർദ്ദ വ്യതിയാനങ്ങളാണ് യുഎഇയിലെ ചൂടും ഈർപ്പവും (ഹുമ്മിഡിറ്റി) പൊടിക്കാറ്റും നിർണ്ണയിക്കുന്നത്. ജൂൺ ആദ്യം മുതൽ ഓഗസ്റ്റ് അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ വേനൽക്കാലത്ത്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദമാണ് കാലാവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്.

ഇത് അറബിക്കടലിൽ നിന്നുള്ള ഈർപ്പവുമായി കലരുമ്പോഴാണ് തീരദേശങ്ങളിൽ കടുത്ത ഉഷ്ണവും അസ്വസ്ഥതയും അനുഭവപ്പെടുന്നത്. കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മരുഭൂമികളിൽ നിന്ന് വീശുന്ന വരണ്ട കാറ്റ് ശക്തമായ ഉഷ്ണതരംഗങ്ങൾക്കും പൊടിക്കാറ്റുകൾക്കും കാരണമാകും. ഹജർ പർവതനിരകളിൽ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്കും കിഴക്കൻ തീരങ്ങളിൽ നേരിയ ചാറ്റൽമഴയ്ക്കും ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ വഴിവെക്കാറുണ്ട്. വരും ദിവസങ്ങളിൽ പകലിന്റെ ദൈർഘ്യം 13 മണിക്കൂറും 40 മിനിറ്റും കടക്കുമെന്നും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഉൾപ്രദേശങ്ങളിൽ പുലർച്ചെ കടുത്ത മഞ്ഞുകണങ്ങൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like