Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 03:04 AM

യുഎഇയിൽ താപനില കുറയും; വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യത

by Raneesha Razak

അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും ജൂൺ ആദ്യവാരം പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ശനിയാഴ്ച രാജ്യത്ത് പൊതുവെ നല്ല കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ വീശുന്ന തെക്കുകിഴക്കൻ കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തുറസ്സായ സ്ഥലങ്ങളിൽ കാറ്റിന്റെ വേഗത ചിലപ്പോഴൊക്കെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി.

അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ ശാന്തമായിരിക്കുമെന്നതിനാൽ വാരാന്ത്യത്തിൽ കടൽയാത്രകൾക്ക് അനുകൂലമായ സാഹചര്യമാണ്. ഞായറാഴ്ചയോടെ താപനില വീണ്ടും കുറയുമെങ്കിലും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വാഴ്ച ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരും. തീരദേശങ്ങളിലും ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ ആദ്യവാരത്തിലേക്ക് പ്രവേശിക്കുമ്പോൾ രാജ്യത്ത് വലിയ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകില്ലെങ്കിലും ശക്തമായ സൂര്യപ്രകാശത്തിനൊപ്പം ഇടയ്ക്കിടെയുള്ള പൊടിക്കാറ്റും വടക്കുപടിഞ്ഞാറൻ കാറ്റും കാലാവസ്ഥയെ സ്വാധീനിക്കും.

You may also like