8
അബുദാബി: കുട്ടിക്കാലത്ത് വീട്ടുമുറ്റത്ത് കുടുംബത്തോടൊപ്പം കടലാസ് വിമാനങ്ങൾ ഉണ്ടാക്കി പറത്തിയിരുന്ന പെൺകുട്ടി, ആകാശത്ത് പറക്കുന്ന വലിയ വിമാനങ്ങളെ നോക്കി അത്ഭുതത്തോടെ ചോദിക്കുമായിരുന്നു—’ഈ വലിയ ലോഹക്കഷണം എങ്ങനെയാണ് ആകാശത്ത് പറക്കുന്നത്?’ ആ ആകാംക്ഷയിൽ നിന്ന് തുടങ്ങിയ സ്വപ്നമാണ് ഇന്ന് 29-കാരിയായ ആയിഷ അഹമ്മദ് അബ്ദുള്ള റാഷിദ് അൽമഹീരിയെ എത്തിഹാദ് എയർവേയ്സിന്റെ (Etihad Airways) ഫസ്റ്റ് ഓഫീസർ പദവിയിൽ എത്തിച്ചിരിക്കുന്നത്. എത്തിഹാദ് കേഡറ്റ് പൈലറ്റ് പ്രോഗ്രാമിൽ നിന്ന് ബിരുദം നേടിയ ആയിഷ, ഒന്നര വർഷമായി വിമാനം പറത്തുന്നു. തന്റെ കുടുംബത്തിലെ ആദ്യത്തെ പൈലറ്റും ആദ്യത്തെ വനിതാ പൈലറ്റുമാണ് ആയിഷ. 2025-26 ബാച്ചിലെ 61 പൈലറ്റുമാരും 54 എഞ്ചിനീയർമാരും ഉൾപ്പെടെ 115 സ്വദേശി കേഡറ്റുകളുടെ ബിരുദദാന ചടങ്ങിന് മുന്നോടിയായാണ് ആയിഷ തന്റെ പ്രചോദനാത്മകമായ ജീവിതയാത്ര പങ്കുവെച്ചത്.
ബിരുദ പഠനം പൂർത്തിയാക്കിയ ഉടൻ 2020-ലാണ് ആയിഷ എത്തിഹാദ് കേഡറ്റ് പൈലറ്റ് പ്രോഗ്രാമിൽ ചേർന്നത്. പൈലറ്റാകാനുള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. അമ്മ തുടക്കം മുതൽ പൂർണ്ണ പിന്തുണ നൽകിയപ്പോൾ, അച്ഛനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയതും അമ്മയായിരുന്നു. ഇന്ന് തന്റെ ഏറ്റവും വലിയ ആരാധകനും അഭിമാനിക്കുന്ന വ്യക്തിയും അച്ഛനാണെന്ന് ആയിഷ പുഞ്ചിരിയോടെ പറയുന്നു. പരിശീലനത്തിന്റെ ഭാഗമായി സ്പെയിനിൽ ചെലവഴിച്ച ആറ് മാസക്കാലമാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവായതെന്ന് ആയിഷ ഓർക്കുന്നു. ആദ്യമായി ഒരു യഥാർത്ഥ വിമാനം പറത്തിയപ്പോൾ ആവേശവും ചെറിയ ഭയവുമുണ്ടായിരുന്നുവെങ്കിലും, മിലാനിലേക്കുള്ള തന്റെ ആദ്യ വിമാനയാത്രയിൽ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി. ഇന്ന് ആയിഷയുടെ ഡ്യൂട്ടി ഷെഡ്യൂൾ അനുസരിച്ചാണ് മാതാപിതാക്കൾ അടുത്ത യാത്രകൾ പോലും ആസൂത്രണം ചെയ്യുന്നത്. ചേച്ചിയുടെ പാത പിന്തുടർന്ന് ആയിഷയുടെ സഹോദരനും ഇപ്പോൾ സ്പെയിനിൽ പൈലറ്റ് പരിശീലനത്തിലാണ്.
സ്വപ്നങ്ങളുണ്ടെങ്കിൽ കഠിനാധ്വാനത്തിലൂടെ ഏതൊരു പെൺകുട്ടിക്കും ഈ മേഖലയിൽ വിജയിക്കാൻ സാധിക്കുമെന്ന് ബിരുദദാന ചടങ്ങിൽ ആയിഷ സന്ദേശം നൽകി. സ്വദേശി പ്രതിഭകളെ വളർത്തിയെടുക്കുക എന്നത് എത്തിഹാദിന്റെ ഭാവി തന്ത്രങ്ങളുടെ പ്രധാന ഭാഗമാണെന്ന് ചീഫ് പീപ്പിൾ ഓഫീസർ ഫാത്തിമ അൽ സഹ്ലാവി വ്യക്തമാക്കി. പദ്ധതി പുനരാരംഭിച്ചതിന് ശേഷം 170-ലധികം എമിറാത്തി പൈലറ്റുമാരും 150-ഓളം എഞ്ചിനീയർമാരും ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ എത്തിഹാദിലെ നാലിലൊന്ന് ഫസ്റ്റ് ഓഫീസർമാരും സ്വദേശികളാണെന്നും, 98 ശതമാനം വിജയശതമാനമാണ് ഈ പരിശീലന പരിപാടിക്കുള്ളതെന്നും അധികൃതർ അറിയിച്ചു. 2030-ഓടെ 200-ലധികം വിമാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന എത്തിഹാദ് എയർവേയ്സിന് നേതൃത്വം നൽകാൻ കൂടുതൽ സ്വദേശി പൈലറ്റുമാരെയും എഞ്ചിനീയർമാരെയും വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ അന്റോണോൾഡോ നെവ്സും വ്യക്തമാക്കി.