Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:46 PM

സ്വപ്നങ്ങൾക്കൊപ്പം ടാറ്റം; 14-കാരന്റെ ചിത്രങ്ങൾ അന്താരാഷ്ട്ര ബിനാലെയിലേക്ക്

by Raneesha Razak
ദുബായ് : ഏഴാം വയസ്സിൽ അമ്മയോട് ‘എനിക്ക് ഒരു സിഇഒ ആകണം’ എന്ന് പറഞ്ഞ ടാറ്റം ലാഫ്യൂന്റെ (Tatum Lafuente) എന്ന 14-കാരൻ ഇന്ന് തന്റെ വലിയ സ്വപ്നങ്ങളിലേക്ക് ആദ്യ ചുവടുകൾ വെക്കുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചുമിടുക്കന്റെ ചിത്രങ്ങൾ ഈ വർഷം ഡിസംബറിൽ പെറുവിലെ ലിമയിൽ നടക്കുന്ന ‘പെറു ബിനാലെ 2026’ (Peru Bienal 2026), അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ‘റസൽഖൈമ ആർട്ട് ഫെസ്റ്റിവൽ’ (Ras Al Khaimah Art Festival 2027) എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പ്രദർശനത്തിന് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ട വിവരം അമ്മ മാഗി അറിയിച്ചപ്പോൾ “എന്റെ സ്വപ്നങ്ങളുടെ ചെറിയൊരു ഏട്” (A slice of my dream) എന്നാണ് ടാറ്റം ഈ വലിയ അവസരത്തെ വിശേഷിപ്പിച്ചത്.

മൂന്നാം വയസ്സിലാണ് ടാറ്റത്തിന് ആട്ടിസം നിർണ്ണയിക്കപ്പെടുന്നത്. ചെറുപ്പം മുതലേ ലോകത്തെ സ്വന്തമായ രീതിയിൽ കാണാനും മനസ്സിലാക്കാനും ഇഷ്ടപ്പെട്ടിരുന്ന ടാറ്റത്തിന് നഗരങ്ങൾ, വാനളവോളം ഉയരമുള്ള കെട്ടിടങ്ങൾ, കാറുകൾ, ലെഗോ (LEGO), ചിത്രരചന എന്നിവയോടായിരുന്നു വൻ കമ്പം. 2006 മുതൽ യുഎഇയിൽ ജീവിക്കുന്ന കുടുംബത്തിൽ ജനിച്ചുവളർന്ന ടാറ്റത്തിന്റെ വരകളിൽ യുഎഇയുടെ വാസ്തുവിദ്യയും നഗരക്കാഴ്ചകളും വ്യക്തമായി നിഴലിക്കുന്നുണ്ട്.

ദീർഘകാലം ദുബായിൽ താമസിച്ച കുടുംബം 2025-ലാണ് അൽ ഐനിലേക്ക് (Al Ain) മാറിയത്. കൂടുതൽ ശാന്തമായ ഈ അന്തരീക്ഷം ടാറ്റത്തിന് തന്റെ വരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കി.

ടാറ്റത്തിന്റെ ചികിത്സയ്ക്കായി അമ്മ മാഗിയും ടാറ്റവും ഫിലിപ്പീൻസിലേക്ക് താമസം മാറിയപ്പോൾ, പിതാവ് മോഷ് (Mosh) യുഎഇയിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറായും ഫിലിം മേക്കറായും പ്രവർത്തിക്കുകയായിരുന്നു. ഈ പ്രയാസകരമായ അനുഭവങ്ങൾ തരണം ചെയ്ത ശേഷമാണ് കുടുംബം 2019-ൽ പ്രത്യേക ക്രിയേറ്റീവ് സംരംഭത്തിന് തുടക്കമിട്ടത്. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ഫിലിപ്പീൻസിലെ ആട്ടിസം ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കും വീട്ടിലെ തെറാപ്പി പ്രോഗ്രാമുകൾക്കുമായി മാറ്റിവെക്കുന്നുണ്ട്.

“മകന്റെ ചിത്രങ്ങൾ അവൻ ജനിച്ചുവളർന്ന രാജ്യത്തുതന്നെ എക്സിബിഷന്റെ ഭാഗമാകുന്നു എന്നത് ഒരു അമ്മയെന്ന നിലയിൽ വലിയ അഭിമാനമാണ്. ആട്ടിസം ഉള്ള കുട്ടികളുടെ അവസ്ഥ മാത്രം നോക്കാതെ അവരുടെ പ്രതിഭയെ തിരിച്ചറിയാൻ സമൂഹം തയ്യാറാകണം,” എന്ന് മാഗി വികാരഭരിതയായി പറഞ്ഞു.

You may also like