ദുബായ് : യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിൽ ഏറ്റവും കഠിനമായ വേനൽച്ചൂട് അനുഭവപ്പെടുന്ന ‘ജംറത്ത് അൽ ഖൈദ്’ (Jamrat Al Qayd) കാലഘട്ടം ജൂലൈ 3 വെള്ളിയാഴ്ച മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി അറിയിച്ചു. ഓഗസ്റ്റ് 10 വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിലാണ് വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും അനുഭവപ്പെടുക.
കിഴക്കൻ ചക്രവാളത്തിൽ പുലർച്ചെ ‘അൽ ജൗസ’ (Orion) നക്ഷത്രം ഉദിക്കുന്നതോടെയാണ് ഈ പ്രതിഭാസം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ ചില മരുഭൂമി പ്രദേശങ്ങളിൽ പകൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നേക്കാമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി. കടുത്ത ചൂടിനൊപ്പം വരണ്ട ഉഷ്ണക്കാറ്റും ഈ സമയത്ത് ഉണ്ടാകും. തുടർന്ന് ഓഗസ്റ്റ് 11-ഓടെ ‘അൽ കുലൈബൈൻ’ നക്ഷത്രങ്ങൾ ഉദിക്കുന്നതോടെ കടുത്ത ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പം (Humidity) വർദ്ധിക്കുന്ന വേനലിന്റെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടക്കും.
22