അബുദാബി : വേനലവധിക്ക് ശേഷം യുഎഇയിലെ സ്‌കൂളുകൾ തുറന്നു. പൊതു-സ്വകാര്യ മേഖലകളിലെ സ്‌കൂളുകളിൽ നിന്നായി പത്ത് ലക്ഷത്തോളം (ഒരു മില്യൺ) വിദ്യാർത്ഥികളാണ് തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. സ്‌കൂളുകൾക്കൊപ്പം സർവ്വകലാശാലകളും ഇന്നലെ മുതൽ സജീവമായി. ഏത് സാഹചര്യത്തിലും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎഇയുടെ സന്നദ്ധതയും ആത്മവിശ്വാസവുമാണ് വിദ്യാലയങ്ങളുടെ ഈ പുനരാരംഭം വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ചാണ് രാജ്യത്തുടനീളമുള്ള വിദ്യാലയങ്ങൾ തുറന്നത്. സ്കൂൾ ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. പഠനത്തോടൊപ്പം ദൈനംദിന ജീവിതം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ വിദ്യാഭ്യാസ മേഖല പൂർണ്ണ സജ്ജമാണെന്ന സന്ദേശമാണ് ഇതിലൂടെ രാജ്യം നൽകുന്നത്. വെല്ലുവിളികളെ അതിജീവിക്കാനും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമുള്ള യുഎഇയുടെ കാഴ്ചപ്പാടിനെ വിദ്യാർത്ഥികളുടെ ആവേശകരമായ ഈ തിരിച്ചുവരവ് അടിവരയിടുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ കുട്ടികളെ സ്വീകരിക്കാൻ അധ്യാപകരും സ്കൂൾ അധികൃതരും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. വരും ദിവസങ്ങളിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സജീവമാകുമെന്ന് മന്ത്രാലയം അറിയിച്ചു.