Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 06:37 PM

മോദിക്ക് അഭിനന്ദനവുമായി യുഎഇ പ്രസിഡന്റ്

by Raneesha Razak

 

അബുദാബി : ഏറ്റവും കൂടുതൽ കാലം തുടർച്ചയായി അധികാരത്തിലിരുന്ന, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന ചരിത്രനേട്ടം കൈവരിച്ച നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ഇന്ത്യയുടെ തുടർന്നുള്ള പുരോഗതിക്കായി ആശംസകൾ നേർന്ന യുഎഇ പ്രസിഡന്റ്, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നതായും എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇതിന് നന്ദി അറിയിച്ച നരേന്ദ്ര മോദി, തങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ഏറെ വിലമതിക്കുന്നുവെന്ന് മറുപടി നൽകി.

തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിലിരുന്നാണ് നരേന്ദ്ര മോദി ഈ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഇതിലൂടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് (4,398 ദിവസങ്ങൾ) മോദി മറികടന്നത്. 2014 മേയ് 26-നാണ് മോദി ആദ്യമായി അധികാരമേറ്റത്. തുടർന്ന് 2019-ലും, ഏറ്റവും ഒടുവിൽ 2024 ജൂൺ 9-നും മൂന്നാം തവണയും അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യയും യുഎഇയും തമ്മിൽ ശക്തമായ തന്ത്രപ്രധാന-പ്രതിരോധ ബന്ധമാണുള്ളത്. 40 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ പ്രവാസികളാണ് യുഎഇയിലുള്ളത്. കഴിഞ്ഞ മേയ് പകുതിയോടെ നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ പ്രതിരോധ പങ്കാളിത്തം, പെട്രോളിയം ശേഖരണം, എൽപിജി വിതരണം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഇതിനുപുറമെ, ഇന്ത്യയുടെ വികസനത്തിനായി 5 ബില്യൺ ഡോളറിന്റെ നിക്ഷേപവും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.

You may also like