18
നേപ്പാൾ : കനത്ത പ്രളയത്തിലും ഹിമാനി തകർച്ചയിലും ദുരിതമനുഭവിക്കുന്ന നേപ്പാളിന് അടിയന്തര സഹായങ്ങളുമായി യുഎഇ. രാജ്യത്ത് രക്ഷാപ്രവർത്തനങ്ങളും മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ അത്യാധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. റാസുവ ജില്ലയിൽ ഡ്രോണുകളും ത്രീ-ഡി മാപ്പിംഗ് സംവിധാനങ്ങളും ഉപയോഗിച്ചാണ് യുഎഇ സെർച്ച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തുന്നത്. ദുബായ് പൊലീസിന്റെ പ്രത്യേക രക്ഷാസംഘവും സ്ഥലത്ത് സജീവമായി രംഗത്തുണ്ട്.
ഇതുവരെ 186 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി നാല് വിമാനങ്ങളാണ് യുഎഇ നേപ്പാളിലേക്ക് അയച്ചത്. കൂടാതെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം 74 മെട്രിക് ടൺ അവശ്യവസ്തുക്കളുമായി ദുബായ് ഹ്യുമാനിറ്റേറിയന്റെ പ്രത്യേക ചരക്കുവിമാനവും കാഠ്മണ്ഡുവിൽ എത്തിയിട്ടുണ്ട്. ഓഗസ്റ്റ് 26നുണ്ടായ പ്രകൃതിദുരന്തത്തിൽ നേപ്പാളിൽ ഇതുവരെ 1,357 പേർ മരിക്കുകയും 5,326 പേരെ കാണാതാവുകയും ചെയ്തു. ചൈനയിലുണ്ടായ മരണങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ മരണസംഖ്യ 1,400 ആയി ഉയർന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചൈന-നേപ്പാൾ അതിർത്തിയിലുണ്ടായ ഹിമാനി ഇടിവാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമായത്.