Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:55 PM

ഏജന്റിക് എഐയും പുതിയ ഉള്ളടക്ക മാർഗ്ഗരേഖയും; ഗവൺമെന്റ് മീഡിയ ഗൈഡ്‌ലൈൻ പുറത്തിറക്കി യുഎഇ

by Raneesha Razak

അബുദാബി : ഡിജിറ്റൽ യുഗത്തിലെ വേഗതയ്ക്കൊപ്പം സർക്കാർ വാർത്താവിനിമയ രംഗം കൂടുതൽ ശക്തമാക്കുന്നതിനായി പുതിയ ‘ഗവൺമെന്റ് മീഡിയ കണ്ടെന്റ് ഗൈഡ്‌ലൈൻ’ (Government Media Content Guideline) പുറത്തിറക്കി യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ്. ദുബായിലെ ക്രിയേറ്റേഴ്‌സ് ഹെഡ്ക്വാർട്ടേഴ്സിൽ (Creators HQ) വെച്ച് നടന്ന ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കിന്റെ ഏറ്റവും പുതിയ യോഗത്തിലാണ് ഈ സുപ്രധാന മാർഗ്ഗരേഖ പ്രകാശനം ചെയ്തത്. യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് ചെയർമാൻ സഈദ് അൽ ഇതാറിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ ഫെഡറൽ സ്ഥാപനങ്ങളിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഫെഡറൽ ഗവൺമെന്റിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, പ്രൊഫഷണൽ നിലവാരം ഉയർത്തുക, ദേശീയ മുൻഗണനകൾക്ക് അനുസൃതമായി കൃത്യവും സുതാര്യവുമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കമ്മ്യൂണിക്കേഷൻ ടീമുകളെ പ്രാപ്തരാക്കുക എന്നിവയാണ് ഈ പുതിയ ഗൈഡ്‌ലൈനിലൂടെ ലക്ഷ്യമിടുന്നത്. ആഗോള മാറ്റങ്ങൾക്ക് അനുസൃതമായി ഡാറ്റയും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും അടിസ്ഥാനമാക്കിയുള്ള ഒരു കമ്മ്യൂണിക്കേഷൻ സിസ്റ്റമാണ് രാജ്യം കെട്ടിപ്പടുക്കുന്നതെന്ന് സഈദ് അൽ ഇതാർ വ്യക്തമാക്കി. സർക്കാർ മാധ്യമരംഗത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ, പ്രത്യേകിച്ച് ‘ഏജന്റിക് എഐയുടെ’ (Agentic AI) പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. തത്സമയം (Real-time) ഉയർന്ന നിലവാരമുള്ള ഉള്ളടക്കങ്ങൾ വൻതോതിൽ നിർമ്മിക്കാനും, വ്യാജവാർത്തകൾ പടരുന്നതിന് മുൻപ് തന്നെ അവയെ പ്രതിരോധിക്കാനും, കൃത്യമായ പ്രതിസന്ധി പരിപാലനത്തിനും (Crisis management) ഏജന്റിക് എഐ സഹായിക്കും.

ഇതോടെ സർക്കാർ കമ്മ്യൂണിക്കേഷൻ കൂടുതൽ സജീവവും ഫലപ്രദവുമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (NCEMA) നടത്തിയ ‘ക്രൈസിസ് മീഡിയ മാനേജ്‌മെന്റിലെ യുഎഇ മോഡൽ’ എന്ന പ്രത്യേക സെഷനും ഈ യോഗത്തിന്റെ പ്രധാന ആകർഷണമായിരുന്നു.

You may also like