Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:20 PM

മോഷണം നടന്ന് മണിക്കൂറുകൾക്കകം ലക്ഷങ്ങളുടെ തൊണ്ടിമുതൽ പിടിച്ചെടുത്ത് ഷാർജ പൊലീസ്

by Raneesha Razak
ഷാർജ : ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അമ്പറിന്റെ പ്രാർത്ഥനാ മാലകൾ (Amber Prayer Beads) മോഷ്ടിച്ച രണ്ട് പേരെ ഷാർജ പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടുകൂടി. 100,000 ഡോളറിലധികം (367,000 ദിർഹത്തിലേറെ) വിലവരുന്ന വിലപിടിപ്പുള്ള മാലകളാണ് പൊലീസ് വിജയകരമായി വീണ്ടെടുത്തത്. ചൊവ്വാഴ്ചയാണ് പൊലീസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.
സോഷ്യൽ മീഡിയ വഴി പ്രാർത്ഥനാ മാലകൾ വിൽപ്പനയ്ക്ക് വെച്ച ചൈനീസ് പൗരനാണ് മോഷണത്തിനിരയായത്. മുഴുവൻ ശേഖരവും വാങ്ങാൻ താല്പര്യമുണ്ടെന്ന് പറഞ്ഞ് പ്രതികളിൽ ഒരാൾ വ്യാപാരിയെ ബന്ധപ്പെടുകയും സാധനങ്ങൾ നേരിട്ട് പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഷാർജയിലെ ഒരു സ്ഥലത്തേക്ക് ഇയാളെ വിളിച്ചുവരുത്തുകയും, കബളിപ്പിച്ച് മാലകളുമായി പ്രതികൾ കടന്നുകളയുകയുമായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ഷാർജ പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (CID) പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സി.ഐ.ഡി ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഖലീഫ അൽ ഹയ് വ്യക്തമാക്കി. ലഭ്യമായ ഡിജിറ്റൽ തെളിവുകളും സുരക്ഷാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് പ്രതികൾ അയൽ എമിറേറ്റിൽ ഒളിവിലാണെന്ന് കണ്ടെത്തിയത്. അവിടത്തെ സുരക്ഷാ വിഭാഗവുമായി ചേർന്ന് നടത്തിയ വേഗത്തിലുള്ള നീക്കത്തിലൂടെ പ്രതികളെ പിടികൂടുകയും മുഴുവൻ മാലകളും സുരക്ഷിതമായി തിരിച്ചുപിടിക്കുകയുമായിരുന്നു.
സോഷ്യൽ മീഡിയ വഴി വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും അപരിചിതരുമായുള്ള ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇടപാടുകാരുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും സുരക്ഷിതവും ഔദ്യോഗികവുമായ സ്ഥലങ്ങളിൽ വെച്ച് മാത്രം ഇത്തരം കൈമാറ്റങ്ങൾ നടത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like