3
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. നവംബർ 4 മുതൽ 15 വരെ എക്സ്പോ സെന്റർ ഷാർജയിൽ ‘മേഡ് ഓഫ് സ്റ്റോറീസ്’ (Made of Stories) എന്ന പ്രമേയത്തിലാണ് പുസ്തകമേള സംഘടിപ്പിക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹം വലിയ തോതിൽ പങ്കെടുക്കുന്ന മേളയിലേക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമാകും. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യുഎഇ സന്ദർശനമാണിത്. ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം തിങ്ങിപ്പാർക്കുന്ന യുഎഇയിൽ മുഖ്യമന്ത്രിയുടെ പരിപാടികൾക്കായി വലിയൊരുക്കങ്ങളാണ് നടക്കുന്നത്. എങ്കിലും അദ്ദേഹത്തിന്റെ സെഷന്റെ തീയതിയും സമയവും സംഘാടകർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പ്രമുഖ ഇന്ത്യൻ ചലച്ചിത്ര താരവും എഴുത്തുകാരിയുമായ ഷെനാസ് ട്രഷറിവാല, നൈജീരിയൻ-അമേരിക്കൻ നോവലിസ്റ്റ് നെഡി ഒകൊറാഫോർ, ബ്രിട്ടീഷ് നോവലിസ്റ്റ് ക്ലെയർ മക്കിന്റോഷ്, ചൈനീസ് നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലിയു ഷെൻയൂൺ തുടങ്ങിയ പ്രശസ്ത വ്യക്തിത്വങ്ങളും ഇത്തവണത്തെ പുസ്തകമേളയിൽ പങ്കെടുക്കാനെത്തുന്നുണ്ട്.