ദുബായ്: പാർക്കിംഗ് ഏരിയയിൽ നിന്ന് വീണുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പോലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ പ്രതീകമായി മാറിയ മുഹമ്മദ് അലി ഷെറാക്കൽ മോഹി എന്ന ഇന്ത്യൻ പ്രവാസിയെ ദുബായ് പോലീസ് ആദരിച്ചു. അൽ റഫാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പണം നഷ്ടപ്പെട്ട വിവരം പോലും അറിയാതിരുന്ന ഉടമസ്ഥനെ കണ്ടെത്തി വെറും മൂന്ന് മണിക്കൂറിനുള്ളിൽ പോലീസ് തുക സുരക്ഷിതമായി കൈമാറുകയായിരുന്നു. ഷിപ്പിംഗ് ബിസിനസ് നടത്തുന്ന ഒരു സ്വകാര്യ കമ്പനി ഉടമ ബാങ്കിൽ നിന്നും രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് ഒരു പേപ്പർ കവറിലിട്ടാണ് കാറിലേക്ക് നടന്നത്. കവർ ശരിയായി അടയ്ക്കാതിരുന്നതിനാൽ നടന്നുപോകുന്നതിനിടയിൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. ഇതറിയാതെ ഇയാൾ കാറോടിച്ചു പോയപ്പോഴാണ് അവിടെയെത്തിയ മുഹമ്മദ് അലിക്ക് പണം ലഭിച്ചതും അദ്ദേഹം ഒട്ടും വൈകാതെ അത് സ്റ്റേഷനിൽ എത്തിച്ചതും. പ്രവാസിയുടെ മാതൃകാപരമായ ഈ പ്രവൃത്തിയെ അഭിനന്ദിച്ച ദുബായ് പോലീസ് അധികൃതർ അദ്ദേഹത്തിന് പ്രത്യേകം ഉപഹാരവും സമ്മാനിച്ചു.
22