ദുബായ് : സംഗീതം, പരമ്പരാഗത ഭക്ഷണങ്ങൾ, നൃത്തരൂപങ്ങൾ എന്നിവയാൽ ദുബായുടെ മണ്ണിൽ ഫിലിപ്പൈൻസ് സംസ്‌കാരത്തിന്റെ ദൃശ്യവിരുന്നൊരുക്കി ‘കലായൻ 2026’ (Kalayaan 2026) അരങ്ങേറി. ഫിലിപ്പൈൻസിന്റെ 128-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ജൂൺ 7-നായിരുന്നു ഈ വൻ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. യുഎഇയിലെ ഏറ്റവും വലിയ ഫിലിപ്പൈൻസ് കമ്മ്യൂണിറ്റി സംഗമങ്ങളിലൊന്നായ ഈ മേളയിൽ അറുപതിനായിരത്തിലധികം (60,000) ആളുകളാണ് പങ്കെടുത്തത്. ഫിലിപ്പൈൻ ഭാഷയിൽ ‘കലായൻ’ എന്നാൽ സ്വാതന്ത്ര്യം എന്നാണ് അർത്ഥം.
‘എമിറേറ്റ്സ് ലവ്സ് ഫിലിപ്പൈൻസ്’ സംഘടിപ്പിച്ച ഈ പരിപാടിയിൽ യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഫിലിപ്പൈൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനൻഡ് വെർ, ദുബായ് കോൺസൽ ജനറൽ അംബ്രോസിയോ ബ്രയാൻ എൻസിസോ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. യുഎഇയുടെ വളർച്ചയിലും വിവിധ മേഖലകളിലും ഫിലിപ്പൈൻസ് സമൂഹം നൽകുന്ന സംഭാവനകളെ ഷെയ്ഖ് നഹ്യാൻ തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. പ്രവാസജീവിതം നയിക്കുന്ന ഫിലിപ്പൈൻസുകാർക്ക് തങ്ങളുടെ ജന്മനാടിന്റെ ഓർമ്മകൾ പുതുക്കാനും, പുതിയ തലമുറയ്ക്ക് തനത് സംസ്‌കാരം പരിചയപ്പെടുത്താനും ഈ മേള വേദിയായി. പാരമ്പരാഗത ഫിലിപ്പൈൻ വിഭവങ്ങൾ ഒരുക്കിയ ‘ഫുഡ് വില്ലേജ്’, ലൈവ് ഷോകൾ, കുട്ടികൾക്കായുള്ള ഗെയിമുകൾ, മത്സരങ്ങൾ എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.