Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 05:26 AM

നാഷണൽ ഡിഫൻസ് കോളേജ് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഷെയ്ഖ് ഹംദാൻ

by Raneesha Razak

അബുദാബി : അബുദാബി നാഷണൽ ഡിഫൻസ് കോളേജിന്റെ (NDC) 13-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കാൻ പ്രാപ്തരായ തന്ത്രപ്രധാന ചിന്താശേഷിയുള്ള ദേശീയ നേതാക്കളെ വാർത്തെടുക്കുന്നത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണെന്ന് ചടങ്ങിൽ ഷെയ്ഖ് ഹംദാൻ ഊന്നിപ്പറഞ്ഞു.

മനുഷ്യവിഭവങ്ങളിൽ നിക്ഷേപം നടത്തുകയും ദേശീയ പ്രതിഭകളെ ഉന്നത പദവികളിലേക്ക് പ്രാപ്തരാക്കുകയും ചെയ്യുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ നേതാക്കളെ സജ്ജമാക്കുന്നതിൽ നാഷണൽ ഡിഫൻസ് കോളേജ് വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുഎഇയിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പുറമെ വിവിധ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള പ്രതിപ്രതികളും ഈ 13-ാം ബാച്ചിൽ ബിരുദം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഭാവിയിലെ തന്ത്രപരമായ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ പുതിയ ബാച്ചിന് സാധിക്കുമെന്ന് കോളേജ് കമാൻഡന്റ് മേജർ ജനറൽ സയീദ് സാൽമീൻ അൽ അലവി പറഞ്ഞു. ചടങ്ങിന്റെ സമാപനത്തിൽ മികച്ച വിജയം കൈവരിച്ച ബിരുദധാരികളെ ഷെയ്ഖ് ഹംദാൻ ആദരിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. യുഎഇ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഈസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്രൂയി ഉൾപ്പെടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

You may also like