Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:21 PM

റാസൽഖൈമയിലെ സ്വകാര്യ സ്കൂളുകളിൽ പുതിയ അറബിക് പഠന പദ്ധതി ‘ഇഖ്‌റ’ വരുന്നു

by Raneesha Razak

റാസൽഖൈമ : റാസൽഖൈമയിലുള്ള സ്വകാര്യ സ്കൂളുകളിൽ വരും അധ്യായന വർഷം മുതൽ പുതിയ അറബിക് പഠന പ്രോഗ്രാം നടപ്പിലാക്കുന്നു. ‘വായിക്കുക’ എന്ന അർത്ഥം വരുന്ന ‘ഇഖ്‌റ’ (IQRA) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 2026 സെപ്റ്റംബർ മുതലാണ് പ്രാബല്യത്തിൽ വരിക. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ പോളിസി റിസർച്ച് വികസിപ്പിച്ചെടുത്ത ഈ പ്രോഗ്രാം, കുട്ടികളുടെ വായനാശേഷിയിൽ വലിയ പുരോഗതി ഉണ്ടാക്കുന്നതായി ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സാധാരണ അറബിക് പാഠ്യപദ്ധതി പിന്തുടരുന്ന കുട്ടികളേക്കാൾ, ഇഖ്‌റ ക്ലാസുകളിലെ വിദ്യാർഥികൾ വായനയിൽ കാൽ വർഷത്തെ (25 ശതമാനം) അധിക പുരോഗതി കൈവരിച്ചതായി സ്വതന്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നു.

അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബിന്റെ റീജിയണൽ ഓഫീസായ ജെ-പാൽ മെന (J-PAL MENA) 2024–2025 അധ്യായന വർഷത്തിൽ റാസൽഖൈമയിലെ 26 സ്കൂളുകളിലായി നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. അക്ഷരങ്ങൾ തിരിച്ചറിയൽ, വാക്കുകൾ വായിക്കൽ, ഉച്ചാരണ ശുദ്ധി എന്നിവയിൽ ഇഖ്‌റ ക്ലാസുകളിലെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബി മാതൃഭാഷയായുള്ള കുട്ടികൾക്കും അല്ലാത്തവർക്കും ഒരുപോലെ ഈ പദ്ധതി പ്രയോജനപ്പെടുന്നു എന്നത് ഇതിന്റെ വലിയൊരു സവിശേഷതയാണ്. വരും മാസങ്ങളിൽ കൂടുതൽ അധ്യാപകർക്ക് ഇതിനായുള്ള പരിശീലനം നൽകി പദ്ധതി വിപുലീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

You may also like