39
ദുബായ് : ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റഷിദ് അൽ മക്തൂം ദുബായുടെ വികസനത്തിന് നേതൃത്വം നൽകി 20 വർഷങ്ങൾ പൂർത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടെയാണ് ഈ രണ്ടു പതിറ്റാണ്ടിലെ ഭരണനേട്ടങ്ങൾ കൈവരിച്ചത്.
2006 സെപ്റ്റംബറിലാണ് ഷെയ്ഖ് ഹംദാൻ എക്സിക്യൂട്ടീവ് കൗൺസിൽ അധ്യക്ഷനായി ചുമതലയേറ്റത്. ദുബായുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കും ജീവിതനിലവാരത്തിനുമാണ് ഭരണകൂടം എപ്പോഴും മുൻഗണന നൽകുന്നത്. ദുബായിലെ 99.9 ശതമാനം ആളുകളും പൂർണ്ണ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി വ്യക്തമാക്കുന്നുണ്ട്. അതുപോലെ ജനങ്ങളുടെ ആരോഗ്യകരമായ ആയുർദൈർഘ്യം 80.75 വർഷമായി ഉയർന്നിട്ടുണ്ട്. ദുബായ് സർക്കാർ സേവനങ്ങളിലെ ഉപഭോക്തൃ സംതൃപ്തി 95 ശതമാനത്തിലെത്തുകയും ചെയ്തു.