3
ദുബായ്: കൃത്രിമബുദ്ധി (AI), ഇൻ്റലിജൻസ് അധിഷ്ഠിത പോലീസിംഗ്, കള്ളപ്പണം വെളുപ്പിക്കലിനെതിരായ പോരാട്ടം എന്നിവയെ മുൻനിർത്തി ദുബായിൽ വേൾഡ് പോലീസ് ഉച്ചകോടിയുടെ (WPS) മുന്നൊരുക്ക സംവാദം സംഘടിപ്പിച്ചു. ഉച്ചകോടിക്ക് ഒരു മാസം ബാക്കിനിൽക്കെ ദുബായ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കോൺസൽമാർ, മുതിർന്ന ക്രമസമാധാന ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ പങ്കെടുത്തു.
ഡിജിറ്റൽ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനും നിയമവിരുദ്ധ സാമ്പത്തിക ശൃംഖലകളെ കണ്ടെത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.
“കണക്റ്റഡ് ഫോർ ഇംപാക്ട്: യുണൈറ്റിംഗ് ഗ്ലോബൽ പോലീസിംഗ് ടു സേഫ്ഗാർഡ് ഫ്യൂച്ചർ ജനറേഷൻസ്” എന്ന പ്രമേയത്തിൽ വേൾഡ് പോലീസ് ഉച്ചകോടിയുടെ അഞ്ചാമത് പതിപ്പ് നവംബർ 16 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിൽ ദുബായ് പോലീസും ഡി.എക്സ്.ബി ലൈവും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പോലീസ് മേധാവികൾ, നയരൂപീകരണ വിദഗ്ദ്ധർ, അന്താരാഷ്ട്ര സംഘടനകൾ, സുരക്ഷാ വിദഗ്ദ്ധർ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും.