Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 01:49 AM

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള പ്രതിരോധത്തിന് ജീവൻരക്ഷാ മരുന്നുകളുമായി ദുബായ് ഹ്യുമാനിറ്റേറിയൻ

by Raneesha Razak

ദുബായ് : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന പുതിയ എബോള വൈറസ് വകഭേദത്തെ പ്രതിരോധിക്കുന്നതിനായി 20 മെട്രിക് ടൺ അത്യാധുനിക മെഡിക്കൽ സാമഗ്രികൾ വ്യോമമാർഗ്ഗം എത്തിച്ച് ദുബായ് ഹ്യുമാനിറ്റേറിയൻ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ലോകാരോഗ്യ സംഘടനയുടെ (WHO) ദുബായിലെ സംഭരണശാലയിൽ നിന്നുള്ള അടിയന്തര സഹായം ഉഗാണ്ട വഴി കോംഗോയിലേക്ക് അയച്ചത്.

ദുബായ് വേൾഡ് സെൻട്രൽ (DWC) അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ദുബായ് റോയൽ എയർ വിംഗിന്റെ പ്രത്യേക വിമാനത്തിൽ ഈ കാർഗോ പുറപ്പെട്ടത്. ദുബായ് ഹ്യുമാനിറ്റേറിയന്റെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഇംപാക്ട് ഫണ്ടിന്റെ സഹായത്തോടെയാണ് ഈ എയർ ബ്രിഡ്ജ് ദൗത്യം നടപ്പിലാക്കുന്നത്. എബോള ബാധിത പ്രദേശങ്ങളിലെ 280-ലധികം ആരോഗ്യ കേന്ദ്രങ്ങൾക്കും നൂറുകണക്കിന് രോഗികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ മൾട്ടി പർപ്പസ് ടെന്റുകൾ, അണുനാശിനികൾ, പിപിഇ കിറ്റുകൾ, തെർമോമീറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളാണ് ഇതിലുള്ളതെന്ന് ദുബായ് ഹ്യുമാനിറ്റേറിയൻ സിഇഒ ജിസെപ്പെ സബ വ്യക്തമാക്കി. ആഗോളതലത്തിൽ വിതരണ ശൃംഖലകൾ നേരിടുന്ന പ്രതിസന്ധികൾക്കിടയിലും അടിയന്തര ഘട്ടങ്ങളിൽ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് ദുബായ് നടത്തുന്ന ദ്രുതഗതിയിലുള്ള ഇത്തരം ജീവകാരുണ്യ ഇടപെടലുകളെ ഡബ്ല്യുഎച്ച്ഒ റീജിയണൽ ഡയറക്ടർ ഡോ. ഹനാൻ ബൽഖി പ്രശംസിച്ചു. മുൻപ് 2014-2016 കാലയളവിൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോഴും ദുബായ് ഐഎച്ച്സി വലിയ രീതിയിലുള്ള മെഡിക്കൽ സഹായങ്ങൾ എത്തിച്ചിരുന്നു.

You may also like