ദുബായ് : ഫിഫ ലോകകപ്പ് 2026 ആവേശത്തിലേക്ക് രാജ്യം അടുക്കവെ, യുഎഇയിലെ ഫുട്ബോൾ പ്രേമികൾക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമുകൾക്കായി ഇനി നിയമപരമായി തന്നെ പന്തയം (Wagering/Betting) വെക്കാം. ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ (GCGRA) പൂർണ്ണമായ ലൈസൻസോടും നിയന്ത്രണത്തോടും കൂടി യുഎഇയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ കായിക പന്തയ പ്ലാറ്റ്‌ഫോമായ ‘പ്ലേ 971’ (Play 971) വഴിയാണ് ഇതിന് അവസരമൊരുങ്ങിയിരിക്കുന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് പുറമെ മറ്റ് പ്രാദേശിക, അന്തർദേശീയ ലീഗുകൾക്കും ഈ പ്ലാറ്റ്‌ഫോം വഴി വെയ്‌ജറിംഗ് നടത്താമെന്ന് പ്ലേ 971 ഐഗെയിമിംഗ് കൊമേഴ്‌സ്യൽ ഡയറക്ടർ ഫിലിപ്പ ബോവ്‌ലാൻഡ് വ്യക്തമാക്കി.
യുഎഇ നിവാസികൾക്ക് വിപിഎൻ (VPN) സഹായമില്ലാതെ തന്നെ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുഎഇയിൽ ഉള്ളവർക്ക് മാത്രമേ ഈ സൈറ്റ് ലഭ്യമാകൂ എന്നതിനാൽ ഉപയോക്താക്കൾ തങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ലൊക്കേഷൻ സർവീസ് (Geo-tagging) ഓൺ ചെയ്യേണ്ടതുണ്ട്. 21 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുമതിയുള്ളൂ. രജിസ്ട്രേഷൻ പൂർത്തിയാക്കാനും പണം നിക്ഷേപിക്കാനും പിൻവലിക്കാനുമായി കെവൈസി (KYC) വെരിഫിക്കേഷന്റെ ഭാഗമായി വാലിഡ് ആയ എമിറേറ്റ്സ് ഐഡി (Emirates ID) സമർപ്പിക്കേണ്ടത് നിർബന്ധമാണ്. വെബ്‌സൈറ്റിലെ ‘സ്‌പോർട്‌സ്’ വിഭാഗത്തിൽ കയറി ഓരോ മത്സരത്തിലെയും വിജയികൾ, ഗോൾ എണ്ണം, കോർണറുകൾ, ടോപ്പ് സ്‌കോറർമാർ തുടങ്ങി വിവിധ ഘടകങ്ങളിൽ ഉപയോക്താക്കൾക്ക് പ്രവചനങ്ങൾ നടത്താം.