ദുബായ് : ദുബായിലെ തിരക്കേറിയ എമിറേറ്റ്‌സ് റോഡിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന ടണൽ രണ്ടു മാസത്തേക്ക് താൽക്കാലികമായി അടക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. റോഡ് വികസന ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 4) മുതൽ രണ്ട് മാസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അൽ അമാർദി സ്ട്രീറ്റിനെയും ട്രിപ്പോളി സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന ‘അൽ അലയാസ് ടണൽ’ (Al Aleyas Tunnel), എമിറേറ്റ്‌സ് റോഡ് ജംഗ്ഷനിൽ നിന്ന് മലീഹ സ്ട്രീറ്റിലേക്ക് പോകുന്ന ലൂപ്പ് റാംപുകൾ എന്നിവയാണ് താൽക്കാലികമായി അടക്കുന്നത്.
എമിറേറ്റ്‌സ് റോഡ്, അൽ അമാർദി സ്ട്രീറ്റ് എന്നിവയുടെ വിപുലീകരണ ജോലികൾ പൂർത്തിയാക്കുന്നതിനാണ് ഈ നിയന്ത്രണം. നിർമ്മാണ കാലയളവിൽ യാത്രക്കാർക്കായി ബദൽ റോഡുകൾ ഒരുക്കിയിട്ടുണ്ടെന്ന് ആർടിഎ വ്യക്തമാക്കി. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ സമയം കണക്കാക്കി യാത്ര തിരിക്കണമെന്നും റോഡിലെ നിർദ്ദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.