Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 03:53 PM

ബസുകളുടെ നിയന്ത്രണത്തിന് എഐ സാങ്കേതികവിദ്യയുമായി ദുബായ് ആർടിഎ

by Raneesha Razak

ദുബായ് : പൊതുഗതാഗത ശൃംഖലയുടെ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കുന്നതിനായി ബസ് സർവീസുകളുടെ നിയന്ത്രണത്തിന് കൃത്രിമബുദ്ധി (Artificial Intelligence) അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ദുബായിലെ 1,100-ലധികം പൊതുഗതാഗത ബസുകളെ തത്സമയം നിരീക്ഷിക്കാനും വ്യത്യസ്തമായ 26 ഓപ്പറേറ്റിംഗ് സാഹചര്യങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനും ഈ എഐ സംവിധാനം സഹായിക്കും.

നിലവിൽ പെട്ടെന്നുള്ള ആവശ്യങ്ങൾക്കനുസരിച്ച് ബസുകൾ അനുവദിക്കുന്നതിനും റൂട്ടുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള സമയദൈർഘ്യം 30 മുതൽ 60 മിനിറ്റ് വരെയാണ്. എന്നാൽ പുതിയ തീരുമാനം-സഹായ സംവിധാനം (Decision-Support System) നിലവിൽ വരുന്നതോടെ ഇത് ഒരു മിനിറ്റിൽ താഴെയായി കുറയുമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസിയിലെ ബസ് മാനേജ്‌മെന്റ് ഡയറക്ടർ മർവാൻ അൽ സറൂണി വ്യക്തമാക്കി. ദുബായ് മെട്രോ, ട്രാം സർവീസുകളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടായാൽ, ഉടനടി കൂടുതൽ ബസുകൾ വിന്യസിച്ച് യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. എഐ ഡാഷ്‌ബോർഡുകൾ വഴി ബസുകളുടെ അനാവശ്യ എൻജിൻ ഐഡ്‌ലിങ് (Engine Idling) കുറയ്ക്കാനും പാർക്കിംഗ് കാര്യക്ഷമമാക്കാനും കഴിഞ്ഞതു വഴി 13,000 ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.

You may also like