Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 10:47 PM

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം: ദുബായ് പാം മോണോറെയിൽ സർവീസുകൾ പുനരാരംഭിച്ചു

by Raneesha Razak

ദുബായ്: അറ്റകുറ്റപ്പണികൾക്കായി ആറ് മാസമായി നിർത്തിവെച്ചിരുന്ന ദുബായ് പാം മോണോറെയിൽ സർവീസുകൾ വീണ്ടും ആരംഭിച്ചു. പാം ജുമൈറയിലുടനീളമുള്ള പൊതുഗതാഗത സൗകര്യമാണ് ഇതോടെ പഴയപടിയായത്. സർവീസുകൾ പുനരാരംഭിച്ച വിവരം ഓപ്പറേറ്റർമാർ സോഷ്യൽ മീഡിയയിലൂടെയാണ് ഔദ്യോഗികമായി അറിയിച്ചത്. പാം മോണോറെയിൽ സർവീസ് തുറന്നതായും യാത്രക്കാർക്ക് പാം ജുമൈറയിലൂടെയുള്ള യാത്ര ഇനി ആസ്വദിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർക്ക് ഇപ്പോൾ മോണോറെയിലിന്റെ വെബ്‌സൈറ്റ് വഴിയും മറ്റ് ഔദ്യോഗിക ചാനലുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. മോണോറെയിൽ അടച്ചിട്ടിരുന്ന ആറ് മാസക്കാലയളവിൽ യാത്രക്കാർക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (RTA) ഹാലാ ടാക്സി സർവീസുകളെ ആശ്രയിക്കാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. പാം ജുമൈറയിലെ ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഈ റീഓപ്പണിംഗ് വലിയ ആശ്വാസമാകും.

പാം ജുമൈറയിൽ സർവീസ് നടത്തുന്ന ഒരേയൊരു പൊതുഗതാഗത സംവിധാനമാണ് 5.5 കിലോമീറ്റർ നീളമുള്ള പാം മോണോറെയിൽ. പാം ഗേറ്റ്‌വേ, അൽ ഇത്തിഹാദ് പാർക്ക്, നഖീൽ മാൾ, അറ്റ്‌ലാന്റിസ് അക്വാവഞ്ചർ എന്നീ നാല് പ്രധാന സ്റ്റേഷനുകളെയാണ് ഈ റെയിൽ ശൃംഖല പരസ്പരം ബന്ധിപ്പിക്കുന്നത്. ദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതോടൊപ്പം പാം ജുമൈറയുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിക്കാനുള്ള അവസരവും ഇത് യാത്രികർക്ക് നൽകുന്നു. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 5 ദിർഹം മുതലും ഇരുവശങ്ങളിലേക്കുമുള്ള റിട്ടേൺ ടിക്കറ്റിന് 10 ദിർഹം മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.

You may also like