അബുദാബി : യുഎഇയിൽ ഔദ്യോഗിക പരിശീലന ദൗത്യത്തിനിടെ എമിറാത്തി സൈനികൻ രക്തസാക്ഷിയായതായി യുഎഇ പ്രതിരോധ മന്ത്രാലയം (Ministry of Defence) അറിയിച്ചു. ജൂൺ 27 ശനിയാഴ്ച രാജ്യത്തിനകത്ത് നടന്ന പരിശീലന പരിപാടികൾക്കിടയിലാണ് ഫസ്റ്റ് കോർപ്പറേഷൻ ഈസ ഗലൂം അൽ ബലൂഷി (Issa Ghaloum Al Baloushi) മരണപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
ധീരനായ സൈനികന്റെ വിയോഗത്തിൽ പ്രതിരോധ മന്ത്രാലയം ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. വേർപാടിൽ തകർന്ന കുടുംബാംഗങ്ങളോട് ആത്മാർത്ഥമായ സഹതാപം അറിയിച്ച മന്ത്രാലയം, പരേതന്റെ ആത്മാവിന് സർവ്വശക്തനായ ദൈവം വലിയ കാരുണ്യം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
UAEArmedForces
പ്രതിരോധ സംവിധാനങ്ങളുടെ നവീകരണം; പ്രതിരോധ കൗൺസിൽ യോഗം നിയന്ത്രിച്ച് ഷെയ്ഖ് ഹംദാൻ
ദുബായ് : യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ 2026-ലെ രണ്ടാമത് പ്രതിരോധ കൗൺസിൽ യോഗം ചേർന്നു.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സായുധ സേനയുടെ കാര്യക്ഷമതയും സന്നദ്ധതയും വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ പ്രോഗ്രാമുകളുടെ പുരോഗതി യോഗം വിലയിരുത്തി. ദേശീയ സുരക്ഷ ശക്തമാക്കുന്നതിനും രാജ്യത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനുമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് ഹംദാൻ എടുത്തുപറഞ്ഞു. മനുഷ്യവിഭവശേഷിയും സാങ്കേതിക ശേഷിയും ശക്തിപ്പെടുത്തുന്നതിനൊപ്പം മന്ത്രാലയത്തിന്റെ ദീർഘകാല വികസനത്തിന് പിന്തുണ നൽകുന്ന ഭാവി പദ്ധതികളും യോഗം ചർച്ച ചെയ്തു. യുഎഇ അലയൻസ്ഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഈസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്രൂയി, പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ സ്റ്റാഫ് ഇബ്രാഹിം നാസർ അൽ അലവി എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
സായുധ സേന രാജ്യത്തിന്റെ അഭിമാനം; സുവർണ്ണ ജൂബിലി വേളയിൽ ഭരണാധികാരികൾക്ക് ആശംസകൾ നേർന്ന് ഷെയ്ഖ് ഹംദാൻ
ദുബായ് : യുഎഇ സായുധ സേനയുടെ ഏകീകരണത്തിന്റെ അമ്പതാം വാർഷിക വേളയിൽ രാജ്യത്തെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവർക്ക് അദ്ദേഹം തന്റെ എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രത്യേകമായി അഭിനന്ദനങ്ങൾ അറിയിച്ചു.
മഹത്തായ ഈ ചരിത്ര മുഹൂർത്തത്തെ വലിയ അഭിമാനത്തോടെയാണ് രാജ്യം കാണുന്നതെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. യുഎഇ സായുധ സേന എന്നും രാജ്യത്തിന്റെ കരുത്തുറ്റ കവചമായി നിലകൊള്ളുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഇക്കാലമത്രയും കൈവരിച്ച നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനും സായുധ സേന വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. നമ്മുടെ ഭാവി സ്വപ്നങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ സായുധ സേന നൽകുന്ന സുരക്ഷയും കരുത്തും വലിയ ഊർജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയ്ക്ക് ആദരവുമായി ആർടിഎ; ദുബായിലെ റോഡുകളിൽ ദേശീയ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു
ദുബായ് : യുഎഇ സായുധ സേനാ ഏകീകരണത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ റോഡരികിലുള്ള ഡിജിറ്റൽ സ്ക്രീനുകളിൽ പ്രത്യേക ദേശീയ സന്ദേശങ്ങൾ പ്രദർശിപ്പിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). രാജ്യത്തിന്റെ സുരക്ഷയ്ക്കായി സൈനികർ നടത്തുന്ന അചഞ്ചലമായ സേവനങ്ങളെയും ത്യാഗങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ദുബായിലെ പ്രധാന പാതകളിലെല്ലാം സായുധ സേനയോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്ന സന്ദേശങ്ങൾ തെളിഞ്ഞുനിന്നു.
രാജ്യത്തോടുള്ള ഉത്തരവാദിത്തം തികഞ്ഞ ആത്മാർത്ഥതയോടെ നിറവേറ്റിയവരെയും ഇന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളുന്നവരെയെയും ആർടിഎ അഭിവാദ്യം ചെയ്തു. സായുധ സേനാംഗങ്ങളുടെ സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിനൊപ്പം ജനങ്ങളിൽ ദേശീയ വികാരം ഉണർത്തുന്നതിനും വേണ്ടിയാണ് ആർടിഎ ഇത്തരമൊരു സംരംഭം ഏറ്റെടുത്തത്. രാജ്യത്തിന്റെ കാവൽക്കാരായ സൈനികർക്ക് പൊതുസമൂഹം നൽകുന്ന വലിയ ആദരവിന്റെ പ്രതിഫലനം കൂടിയായി ഈ ദൃശ്യാവിഷ്കാരം മാറി.