ദുബായ് : വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പ്രവാസികൾ പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും തങ്ങളുടെ വാഹനങ്ങൾ ദീർഘകാലത്തേക്ക് ഉപേക്ഷിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന തരത്തിൽ അഴുക്കുപിടിച്ച് കിടക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് 500 ദിർഹം (Dh500) പിഴ ചുമത്തും.
ഇത്തരത്തിൽ കണ്ടെത്തുന്ന വാഹനങ്ങളിൽ ആദ്യം മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് സ്റ്റിക്കർ പതിക്കും. വാഹനത്തിന്റെ അവസ്ഥയും സ്ഥലവും അനുസരിച്ച് 3 മുതൽ 15 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ആർടിഎ (RTA) റെക്കോർഡുകൾ വഴി ഉടമകൾക്ക് എസ്എംഎസ് സന്ദേശവും അയക്കും. ഈ സമയപരിധിക്കുള്ളിലും വാഹനം മാറ്റിയില്ലെങ്കിൽ, കാറുകൾ അൽ അവിറിലെ ഇമ്പൗണ്ട് യാർഡിലേക്ക് മാറ്റും. പിഴയ്ക്ക് പുറമെ വാഹനം കടത്തിക്കൊണ്ടുപോകുന്നതിനുള്ള ടോവിങ് ചാർജും യാർഡ് സ്റ്റോറേജ് ചാർജും ഉടമകൾ നൽകേണ്ടിവരും. അവധിക്ക് പോകുന്നവർ സുരക്ഷിതമായ പാർക്കിംഗ് ഏരിയകൾ ഉപയോഗിക്കണമെന്നും, വാഹനം ഇടയ്ക്കിടെ വൃത്തിയാക്കാൻ ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. കൂടാതെ, വേനലവധിക്കാലത്ത് വീട്ടിലെ നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ എപ്പോഴും നിരീക്ഷിക്കണമെന്നുള്ള സുരക്ഷാ നിർദ്ദേശങ്ങളും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.