Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:01 PM

വിദേശ കോടതി തള്ളിയാലും യുഎഇയിൽ വിവാഹമോചന കേസ് ഫയൽ ചെയ്യാം

by Raneesha Razak

ദുബായ് : വിദേശ രാജ്യങ്ങളിൽ സമർപ്പിച്ച വിവാഹമോചന ഹർജി തള്ളിയിട്ടുണ്ടെങ്കിലും, ക്രൂരതയോ ഉപദ്രവമോ തുടരുകയോ ആവർത്തിക്കുകയോ ചെയ്യുന്നുവെന്ന് തെളിയിക്കാൻ സാധിച്ചാൽ ഭാര്യക്ക് യുഎഇയിൽ പുതിയ വിവാഹമോചന കേസ് ഫയൽ ചെയ്യാമെന്ന് ദുബായ് പരമോന്നത കോടതി വിധിച്ചു. ഒരു വ്യക്തിഗത നിയമ കേസിൽ ദുബായ് കോടതിയാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ഭർത്താവ് തന്നെ ഉപേക്ഷിച്ചു പോയെന്നും ജീവനാംശം നൽകുന്നില്ലെന്നുമുള്ള പരാതിയോടെ ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. മുൻപ് സുഡാനിലും ഈജിപ്തിലും ഇവർ കേസ് നൽകിയിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. എന്നാൽ അതിനുശേഷവും ഭർത്താവിൽ നിന്നുള്ള ഉപദ്രവവും അവഗണനയും തുടർന്നതായി സ്ത്രീ ദുബായ് കോടതിയെ ബോധിപ്പിച്ചു. മുൻപ് വിദേശ കോടതികൾ കേസ് തള്ളിയതിനാൽ ദുബായിലെ കേസ് നിലനിൽക്കില്ലെന്ന ഭർത്താവിന്റെ വാദം തള്ളിക്കളഞ്ഞ കോടതി, തുടരുന്ന ഭീഷണികളുടെയും ഉപദ്രവങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ കേസ് ഫയൽ ചെയ്യാൻ തടസ്സമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
വിദേശത്ത് ഹർജി തള്ളിയത് യുഎഇയിൽ കേസ് നൽകുന്നതിന് ശാശ്വതമായ തടസ്സമല്ലെന്ന് വ്യക്തമാക്കുന്ന ഈ വിധി അന്താരാഷ്ട്ര തലത്തിൽ തർക്കങ്ങളുള്ള കുടുംബങ്ങൾക്ക് നിയമപരമായ കൂടുതൽ വ്യക്തത നൽകും. ദുബായ് കോടതികളിൽ സമർപ്പിക്കുന്ന പുതിയ തെളിവുകളുടെയും നിലവിലെ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ഇത്തരം കേസുകളിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് നിയമ വിദഗ്ധരും അഭിപ്രായപ്പെട്ടു.

You may also like